ജീപ്പിനടിയിൽ നിന്ന് എടുത്തു വളർത്തി; പൊലീസുകാരുടെ ഓമനയായി ഓഗി

ഓഗിയെന്ന നായ്ക്കുട്ടി കണ്ണൂർ ടൗൺ പൊലീസ് സ്റ്റേഷന്റെ സ്നേഹ വാത്സല്യങ്ങളേറ്റ് വാങ്ങി കളിച്ചുല്ലസിച്ച് നടക്കുകയാണ്. സ്റ്റേഷനകത്ത് ഓഗിക്ക് പൂർണ്ണ സ്വാതന്ത്ര്യം. നഗരത്തിൽ പട്രോളിങ്ങിനിറങ്ങിയ എ.എസ്.ഐ നാസറിനും സംഘത്തിനും ജീപ്പിനടിയിൽ നിന്നാണ് നായ്കുട്ടിയെ ലഭിച്ചത്. വീട്ടിലെ പൂച്ചയുടെ പേര് തന്നെ വിളിക്കുകയും ചെയ്തു.

സ്റ്റേഷന് മുന്നിൽ തന്നെ റോഡ് ആയതിനാൽ അപകടത്തിൽപ്പെടാതിരിക്കാനായി ഒരു കൊച്ചു കൂടും, ബെൽറ്റും ഓഗിക്ക് നൽകി. ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥരെ ശല്യപ്പെടുത്താനൊന്നും ഓഗി ചെല്ലാറേയില്ല. എന്നാൽ സ്റ്റേഷനിലെത്തുന്ന ആളുകൾക്ക് നേരെ ചെറിയ ശബ്ദത്തിൽ കുരച്ചും, കുസൃതി കാട്ടിയും ഓഗി അവരുടെ തലോടലും ഏറ്റുവാങ്ങും. കളിച്ചു തളരുമ്പോൾ ഉദ്യോഗസ്ഥർ നൽകുന്ന ഭക്ഷണം കഴിച്ച് കൂട്ടിൽ കിടന്നുറങ്ങും.

വലുതാകുമ്പോൾ ഓഗിയെ ഏറ്റെടുക്കാൻ നിരവധി ഉദ്യോഗസ്ഥരും മുന്നോട്ടു വന്നിട്ടുണ്ട്. കറുത്ത മൂക്കും, തവിട്ട് നിറവുമുള്ള സുന്ദര കുട്ടനായ ഓഗി ഒരു ആക്ഷൻ ഹീറോ ആവുമെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. തെരുവ്നായകളോടുള്ള ഭയം മൂലം ഇത്തരം സാധുക്കളെ ആട്ടിയകറ്റുന്ന സമൂഹത്തിന് മാതൃക ആവുകയാണ് കണ്ണൂർ ടൗൺ പൊലീസ് സ്റ്റേഷൻ ഉദ്യോഗസ്ഥർ.