ട്രെയിന്‍ തട്ടി പരിക്കേറ്റ വിദ്യാർഥിനിയുടെ പിതാവിന് രക്ഷകയായി അധ്യാപിക

തേഞ്ഞിപ്പലം: കടലുണ്ടിയിൽ ട്രെയിൻ തട്ടി പരിക്കേറ്റയാളെ രക്ഷിച്ചു സ്കൂൾ അധ്യാപിക. എളമ്പുളശ്ശേരി എ.എൽ.പി.സ്കൂളിലെ അധ്യാപിക കെ.ഷൈജിലയാണ് പരിക്കേറ്റയാളുടെ രക്ഷകയായത്. രണ്ട് ദിവസത്തിനു ശേഷമാണ്, താൻ പഠിപ്പിക്കുന്ന വിദ്യാർത്ഥിയുടെ പിതാവിനെയാണ് രക്ഷപ്പെടുത്തിയതെന്ന് ടീച്ചർ അറിയുന്നത്.

കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം നടന്നത്. വൈകുന്നേരം ഭർത്താവിനും മകനുമൊപ്പം പുഴയോരത്ത് പോയതായിരുന്നു അവര്‍. അപ്പോഴാണ് ഒരാൾ ടെയിന്‍തട്ടി വീണതായി രണ്ട് യുവാക്കൾ അവരെ അറിയിച്ചതു. പരിക്കേറ്റയാളെ രക്ഷിക്കാൻ ആരും എത്തിയില്ല. ഷൈജിലയാണ് പൊന്തക്കാട്ടിൽ നിന്നു ഇയാളെ പുറത്തെടുത്തത്. ഭർത്താവ് ആംബുലൻസിൽ സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിക്കുകയും പിന്നീട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ടീച്ചർ അക്കാര്യം ആരോടും പറഞ്ഞില്ല.

അച്ഛനു അപകടമുണ്ടായെന്ന് വിദ്യാർത്ഥി സ്കൂളിൽ പറഞ്ഞപ്പോഴാണ് രക്ഷകർത്താവിനെയാണ് രക്ഷപ്പെടുത്തിയതെന്ന് ടീച്ചർ അറിഞ്ഞത്. അധ്യാപികയുടെ ധീരതയെ അധ്യാപക രക്ഷാകര്‍ത്തൃ സമിതി, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍, ബി.പി.ഒ. തുടങ്ങിയവര്‍ അഭിനന്ദിച്ചു.