രാജ്യത്ത് ഏറ്റവും ഉയര്‍ന്ന താപനില രേഖപ്പെടുത്തിയത് കണ്ണൂരിൽ.

ജനുവരി അഞ്ചിന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ഔദ്യോഗിക റെക്കോർഡ് പ്രകാരം രാജ്യത്ത് ഏറ്റവും ഉയര്‍ന്ന താപനില രേഖപ്പെടുത്തിയത് കണ്ണൂരിൽ.

24 മണിക്കൂറില്‍ 34.4 ഡിഗ്രി സെല്‍ഷ്യസ് ചൂടാണ് രേഖപ്പെടുത്തിയത്. കഠിനമായ ചൂടാണ് കേരളത്തില്‍ രണ്ട് ദിവസമായി അനുഭവപ്പെടുന്നത്. ജനുവരി ആദ്യ ആഴ്ച വലിയ ചൂട് പ്രതീക്ഷിക്കാവുന്ന സമയമല്ല. എന്നിട്ടും രാജ്യത്ത് ഏറ്റവും ഉയര്‍ന്ന താപനില രേഖപ്പെടുത്തിയത് കേരളത്തിലാണ്.

സാധാരണ ഈ കാലയളവില്‍ അനുഭവപ്പെടുന്ന ചൂടിനേക്കാള്‍ 3 മുതല്‍ 5 ഡിഗ്രി വരെയാണ് കൂടിയിട്ടുള്ളത്. അതേസമയം കഴിഞ്ഞ അഞ്ച് ദിവസം കൊണ്ട് കേരളത്തിൽ ലഭിച്ചത് ഫെബ്രുവരി വരെ ലഭിക്കേണ്ട മഴയെക്കാൾ കൂടുതൽ മഴ.

ഇതുവരെ ലഭിച്ചത് 34.3 മില്ലിമീറ്റർ മഴയാണ്. ജനുവരിയിൽ ലഭിക്കേണ്ടത് 7.4 മില്ലിമീറ്റർ മഴയായിരുന്നു. രണ്ട് മാസം കൊണ്ട് ലഭിക്കേണ്ടത് 21.1 മില്ലിമീറ്റർ മഴയാണ്. 2021ന് ശേഷം ആദ്യമായാണ് ജനുവരിയിൽ ഇത്തരമൊരു മഴ ലഭിക്കുന്നത്.