പരിഹസിച്ചവർക്കുള്ള മറുപടി! രാജ്യത്തെ ആദ്യ ട്രാൻസ്ജെൻഡർ പോസ്റ്റ്‌വുമണായി പാർവതി

കുമരേശനിൽ നിന്ന് പാർവതിയിലേക്കെത്താൻ ഒരു കടലോളം ദൂരമെടുത്തു. പരിഹാസത്തിന്റെ മുള്ളുകൾ തറച്ച് മനസ്സിൽ നിന്നും ചോര ഇറ്റുമ്പോഴും യാത്ര അവസാനിപ്പിച്ചതേയില്ല. ഒടുവിൽ രാജ്യത്തെ ആദ്യ ട്രാൻസ്ജെൻഡർ പോസ്റ്റ്‌ വുമണെന്ന നേട്ടമാണ് പാർവതി സ്വന്തമാക്കിയിരിക്കുന്നത്.

കൊല്ലം ജില്ലയിൽ ആദ്യ ട്രാൻസ്ജെൻഡർ ആധാർ കാർഡ്, ട്രാൻസ്ജെൻഡർ തിരിച്ചറിയൽ കാർഡ്, ട്രാൻസ്ജെൻഡർ വോട്ടർ ഐഡി കാർഡ് എന്നിവ നേടുന്നതും പാർവതി തന്നെ. അഭിമാനത്തോടെ പറയാം പോസ്റ്റ്‌ മാനിൽ നിന്ന് പോസ്റ്റ്‌ വുമണിലേക്കായിരുന്നു യാത്രയെന്ന്.

2012ലാണ് തപാൽ വകുപ്പിൽ ജോലി ലഭിച്ചത്. അഭിമുഖത്തിന് പോകുമ്പോൾ യാതൊരു പ്രതീക്ഷയുമില്ലായിരുന്നു. എന്നാൽ സ്വന്തം കാലിൽ നിൽക്കാനുള്ള മികച്ച മാർഗമായിരുന്നു അത്. സ്വന്തം സ്വത്വത്തിൽ തന്നെ ജോലി ചെയ്യണമെന്ന ആഗ്രഹത്തോടെ കഴിഞ്ഞ നവംബറിലാണ് തൊഴിൽ രേഖകളിൽ ട്രാൻസ്ജെൻഡർ എന്ന് മാറ്റിയത്. തന്റെ പോരാട്ടത്തിൽ സഹായമായവരും, അവഗണിച്ചവരും ഏറെയുണ്ടെന്നും പാർവതി പറയുന്നു.