നിയമനം യുജിസി മാനദണ്ഡപ്രകാരമല്ല; 3 ഗവ.ലോ കോളജ് പ്രിൻസിപ്പൽമാരുടെ നിയമനം റദ്ദാക്കി
തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്ന് സർക്കാർ ലോ കോളേജ് പ്രിൻസിപ്പൽമാരുടെ നിയമനം കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ (കെഎടി) റദ്ദാക്കി. യു.ജി.സി മാനദണ്ഡങ്ങൾ അനുസരിച്ചല്ല നിയമനമെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. തിരുവനന്തപുരം, എറണാകുളം, തൃശൂർ ലോ കോളേജുകളിലെ പ്രിൻസിപ്പൽമാരുടെ നിയമനമാണ് റദ്ദാക്കിയത്. വൈസ് ചാൻസലർ (വിസി) നിയമനം സംബന്ധിച്ച സുപ്രീം കോടതി വിധിക്ക് അനുസൃതമായാണ് കെഎടിയുടെ ഉത്തരവ്.
സെലക്ഷൻ കമ്മിറ്റി രൂപീകരിച്ചല്ല നിയമനം നടത്തിയത്. അപേക്ഷിച്ചവരുടെ അക്കാദമിക് യോഗ്യത കണക്കിലെടുത്ത് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചായിരുന്നു നിയമനം നടത്തേണ്ടത്. ഇന്‍റർവ്യൂവിലെ മാർക്കിന്‍റെ അടിസ്ഥാനത്തിലാണ് നിയമനം നടത്തേണ്ടതെന്നും ഈ യു.ജി.സി ചട്ടങ്ങൾ പാലിച്ചില്ലെന്നും ഉത്തരവിൽ പറയുന്നു. തിരുവനന്തപുരം ഗവൺമെന്‍റ് ലോ കോളേജ് പ്രിൻസിപ്പൽ ബിജു കുമാർ, എറണാകുളം ഗവ.ലോ കോളേജ് പ്രിൻസിപ്പൽ ബിന്ദു, തൃശ്ശൂർ ഗവ. ലോ കോളേജ് പ്രിൻസിപ്പൽ പി.ആർ.ജയദേവൻ എന്നിവരുടെ നിയമനമാണ് റദ്ദാക്കിയത്.
ഈ നിയമനങ്ങൾ ചോദ്യം ചെയ്ത് 2021 ൽ എറണാകുളം സർക്കാർ ലോ കോളേജ് അധ്യാപകൻ ഡോ. ഗിരിശങ്കർ നൽകിയ ഹർജി പരിഗണിച്ചാണ് കെ.എ.ടിയുടെ ഉത്തരവ്. മതിയായ യോഗ്യതയുള്ളവരെ പരിഗണിക്കാതെയാണ് നിയമനം നടത്തിയതെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.