ടിപ്പ് ലഭിച്ച തുകകൊണ്ട് ബിഗ് ടിക്കറ്റെടുത്തു; പ്രവാസിക്ക് ചരിത്രത്തിലെ വൻ തുക സമ്മാനം

അബുദാബി: അബുദാബിയിൽ ബിഗ് ടിക്കറ്റ് നറുക്കെടുപ്പ് നടക്കുമ്പോഴാണ് തമിഴ്നാട് സ്വദേശി ഖാദർ ഹുസൈൻ നാട്ടിൽ അവധിയെടുത്ത് എത്തുന്നത്. ടിക്കറ്റ് അവതാരകരായ റിച്ചാർഡും ബുഷ്റയും 246-ാമത് സീരീസ് നറുക്കെടുപ്പിൽ ഭാഗ്യ ജേതാവായി മാറിയ അദ്ദേഹത്തെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും നടന്നില്ല.നാട്ടിൽ നറുക്കെടുപ്പ് തത്സമയം കാണുകയായിരുന്നു ആ ഭാഗ്യശാലിയപ്പോൾ.ബിഗ് ടിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുകയായ 3കോടി ദിർഹം ലഭിച്ചിരിക്കുന്നത് തനിക്കാണെന്നറിഞ്ഞപ്പോൾ ഉടനെതന്നെ ടിക്കറ്റെടുത്ത് യു.എ.ഇ യിലേക്ക് തിരികെ പറക്കാനുള്ള തന്ത്രപ്പാടിലായി അദ്ദേഹം.

പ്രതിമാസം 1,500 ദിർഹമായിരുന്നു ഷാർജയിലെ ഒരു കാർ വാഷ് സെന്ററിൽ ഫോർമാനായി ജോലി ചെയ്യുന്ന ഖാദർ ഹുസൈന് ലഭിച്ചിരുന്നത്.ടിപ്പ് ലഭിക്കുന്ന തുക ഖാദറും ഒപ്പം ജോലി ചെയ്തിരുന്നയാളും ടിക്കറ്റെടുക്കുന്നത്തിനായി മാറ്റി വെക്കും. ഇതേ സ്ഥാപനത്തിൽ ഓയിൽ ചേഞ്ചറായി ജോലി ചെയ്തിരുന്ന സുഹൃത്തിന് ലഭിച്ചിരുന്നതാകട്ടെ 1200 ദിർഹം. ഇരുവരുടെയും ജീവിതത്തിൽ പുതുവെളിച്ചം നൽകിയിരിക്കുന്ന 67 കോടിയോളം വരുന്ന സമ്മാനത്തുക ഇനി സുഹൃത്തുക്കൾക്ക് വീതിച്ചെടുക്കാം.

ഈ മാസം ജന്മദിനത്തിന് ഏതാനും ദിവസം മുൻപ് നവംബർ 11നാണ് ഖാദർ ബിഗ് ടിക്കറ്റ് വാങ്ങിയത്.തന്‍റെ ജന്മദിനത്തിൽ തന്നെ ടിക്കറ്റ് ലഭിക്കുന്നതിനായി ബിഗ് ടിക്കറ്റിന്‍റെ ക്യാഷ്-ഓൺ-ഡെലിവറി ഓപ്ഷൻ അദ്ദേഹം പ്രയോജനപ്പെടുത്തി.ഒടുവിൽ, ഡിസംബർ 3ന് നറുക്കെടുപ്പ് നടന്നപ്പോൾ, പിറന്നാൾ സമ്മാനമായി 3കോടി ദിർഹമാണ് അദ്ദേഹത്തെ തേടിയെത്തിയിരിക്കുന്നത്.