അന്ധത തളർത്തിയില്ല; പുസ്തകമെഴുതി പ്ലസ് ടു വിദ്യാർഥി

മലപ്പുറം: മൂന്നാം ക്ലാസിൽ പഠിക്കുമ്പോഴണ് നജാഹിന്റെ കണ്ണിലെ വർണ്ണങ്ങൾ മാഞ്ഞു തുടങ്ങിയത്. എന്നാൽ അത് നജാഹിനെ തളർത്തിയില്ല. എഴുത്തും വായനയും സൗഹൃദവും കൊണ്ട് നജാഹ് മനസ്സിൽ നിറങ്ങൾ നിറച്ചു. അരീക്കോട് സുല്ലമുസ്സലാം ഓറിയന്‍റൽ ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർഥി നജാഹ്(18) എഴുതിയ പുസ്തകം പുറത്തിറങ്ങുകയാണ്. പ്രചോദനത്തിന്‍റെ വെളിച്ചം വീശുന്ന പുസ്തകത്തിൻ്റെ പേര് ‘വർണങ്ങൾ എന്നും.

സ്കൂളിൽ നടക്കുന്ന വൈറ്റ് കെയ്ൻ ഡേ ആചരണത്തിൽ പുസ്തകം പ്രകാശനം ചെയ്യും. തലച്ചോറിൽ നിന്ന് കണ്ണിലേക്കുള്ള ഞരമ്പുകളെ ദുർബലപ്പെടുത്തുന്ന രോഗമായ ഹൈഡ്രോസെഫാലസ് ആണ് നജാഹിനെ ബാധിച്ചത്. ആറാം ക്ലാസിൽ എത്തിയപ്പോഴേക്കും കാഴ്ച 2 ശതമാനമായി കുറഞ്ഞിരുന്നു.  7 മുതൽ 9 വരെ വള്ളിക്കാപ്പറ്റ കേരള ബ്ലൈൻഡ് സ്കൂളിൽ പഠിച്ചു. 

ഒമ്പതാം ക്ലാസിൽ അരീക്കോട് സുല്ലമുസ്സലാം ഓറിയന്‍റൽ സ്കൂളിൽ എത്തി. കാഴ്ചശക്തി കുറഞ്ഞപ്പോൾ നജാഹ് ഈ ലോകത്തെയും ജീവിതത്തെയും ഉൾക്കാഴ്ചയോടെ കൂടുതൽ വ്യക്തമായി കണ്ടു. സുഹൃത്തുക്കളുടെ ശബ്ദത്തിലൂടെ കണ്മുന്നിൽ ഒളിച്ചിരുന്ന അക്ഷരങ്ങൾ അവൻ കേട്ടു തുടങ്ങി.