യുകെയിൽ കൊല്ലപ്പെട്ട അഞ്ജുവിന്റെയും മക്കളുടെയും മൃതദേഹം നാട്ടിലെത്തിക്കും; കേന്ദ്രം ചിലവ് വഹിക്കും
കോട്ടയം: യുകെയിൽ ഭർത്താവ് കൊലപ്പെടുത്തിയ മലയാളി നഴ്സായ അഞ്ജുവിന്‍റെയും മക്കളുടെയും മൃതദേഹം നാട്ടിലെത്തിക്കാനുള്ള മുഴുവൻ ചെലവും കേന്ദ്രസർക്കാർ വഹിക്കുമെന്ന് വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ. അഞ്ജുവിന്‍റെ കോട്ടയത്തെ വീട്ടിലെത്തി മാതാപിതാക്കളെ കണ്ട ശേഷമാണ് വി മുരളീധരൻ ഇക്കാര്യം പറഞ്ഞത്. ഇത് സംബന്ധിച്ച് മാതാപിതാക്കൾക്ക് മന്ത്രി ഉറപ്പ് നൽകി.
യുകെ പോലീസ് അന്വേഷണം പൂർത്തിയായാലുടൻ മൃതദേഹങ്ങൾ ഇന്ത്യൻ അധികൃതർക്ക് കൈമാറുമെന്നും അതിനുശേഷം എത്രയും വേഗം മൃതദേഹങ്ങൾ നാട്ടിലെത്തിക്കുമെന്നും മന്ത്രി പറഞ്ഞു. യുകെയിൽ നഴ്സായി ജോലി ചെയ്യുന്ന അഞ്ജുവിനെയും രണ്ട് മക്കളെയും ഈ മാസം 15 നാണ് ഭർത്താവ് സാജു കൊലപ്പെടുത്തിയത്. മൂന്ന് മൃതദേഹങ്ങളും നാട്ടിലെത്തിക്കാൻ ഏകദേശം 30 ലക്ഷം രൂപ ചെലവ് വരും. ഇതിനായി അഞ്ജുവിന്‍റെ കുടുംബം അഭ്യുദയകാംക്ഷികളുടെ സഹായം തേടിയിരുന്നു.
വൈക്കം മറവന്‍തുരുത്തിനടുത്ത് കുലശേഖരമംഗലം സ്വദേശി നഴ്സ് അഞ്ജു, ആറ് വയസുള്ള മകൻ ജീവ, 4 വയസുള്ള മകൾ ജാന്വി എന്നിവരാണ് മരിച്ചത്. യുകെയിലെ കെറ്ററിംഗിലെ ആശുപത്രിയിൽ നഴ്സായി ജോലി ചെയ്യുകയായിരുന്നു അഞ്ജു. ജോലിക്ക് എത്താഞ്ഞതിനെ തുടര്‍ന്ന് സഹപ്രവർത്തകർ താമസസ്ഥലത്ത് അന്വേഷിച്ചപ്പോള്‍ വീട് അടഞ്ഞുകിടക്കുകയായിരുന്നു. പൊലീസ് വാതിൽ തകർത്ത് അകത്തുകടന്നപ്പോൾ രക്തം വാർന്ന് മരിച്ച നിലയിലായിരുന്നു അഞ്ജു.