കോവിഡ് കാലത്ത് കെട്ടിടം പ്രാഥമിക ചികിത്സാകേന്ദ്രമാക്കി; 13 ലക്ഷത്തിന്റെ ബില്ലയച്ച് കെ.എസ്.ഇ.ബി
കൊല്ലം: കോവിഡ് കാലത്ത് ദുരന്തനിവാരണ അതോറിറ്റി കോവിഡ് പ്രാഥമിക ചികിത്സാകേന്ദ്രമായി ഏറ്റെടുത്ത കെട്ടിടത്തിന്റെ ഉടമയ്ക് 13 ലക്ഷത്തിന്റെ ബില്ലയച്ച് കെ.എസ്.ഇ.ബി. ബാങ്ക് ഉദ്യോഗാര്‍ഥികള്‍ക്കുള്ള പരിശീലനകേന്ദ്രമായ കല്ലുവാതുക്കല്‍ ഐ.സി.ഡി കോച്ചിങ് സെന്റര്‍ ഉടമ ജയകൃഷ്ണനാണ് 13 ലക്ഷത്തിന്റെ വൈദ്യുതി ബില്ല് ലഭിച്ചത്.
2020 മാർച്ചിൽ ആണ് കെട്ടിടം ഏറ്റെടുക്കുന്നത്. കല്ലുവാതുക്കൽ പഞ്ചായത്ത് ഏറ്റെടുത്ത കാലയളവിലെ വൈദ്യുതി ബില്ലും വെള്ളക്കരവും അടയ്ക്കാമെന്ന് കരാറും വച്ചിരുന്നു. 2021 ഒക്ടോബറിൽ കെട്ടിടം തിരികെ നൽകി. എന്നാൽ, വൈദ്യുതി ബില്ലും വെള്ളക്കരവും അടച്ചിട്ടില്ല. വാട്ടർ അതോറിറ്റി പഞ്ചായത്തിൽ നിന്ന് വാട്ടർ ടാക്സ് വാങ്ങിയെടുത്തു. എന്നാൽ വൈദ്യുതി ബോർഡ് ബിൽ അടയ്ക്കാൻ കെട്ടിട ഉടമയോടാണ് ആവശ്യപ്പെട്ടത്. ഇതേ തുടർന്ന് പലതവണ പഞ്ചായത്ത് അധികൃതർക്ക് കത്തയച്ചു. ദുരന്തനിവാരണ അതോറിറ്റി ചെയർമാൻ എന്ന നിലയിൽ കളക്ടര്‍ക്കും കത്ത് നൽകിയിട്ടുണ്ട്. ഉടൻ പരിഹരിക്കുമെന്ന് വാക്കാൽ പറഞ്ഞതല്ലാതെ ഇതുവരെ ഒരു നടപടിയും സ്വീകരിച്ചില്ല. കെട്ടിടം തിരികെ നൽകിയ ശേഷമുള്ള കാലയളവിലെ ബിൽ പതിവായി അടയ്ക്കുന്നുണ്ടായിരുന്നു.
കെട്ടിടം ചികിത്സാ കേന്ദ്രമായി ഏറ്റെടുത്ത കാലയളവിലെ 13 ലക്ഷം രൂപ അടച്ചില്ലെങ്കിൽ വൈദ്യുതി ബന്ധം വിച്ഛേദിക്കുമെന്ന് കാണിച്ച് കെട്ടിട ഉടമയ്ക്ക് കെ.എസ്.ഇ.ബിയിൽ നിന്ന് നോട്ടീസ് ലഭിച്ചിട്ടുണ്ട്. ബുധനാഴ്ച വൈദ്യുതി ബന്ധം വിച്ഛേദിക്കുമെന്നാണ് അറിയിച്ചിരുന്നത്. കാര്യങ്ങള്‍ അറിയിച്ചപ്പോൾ വെള്ളിയാഴ്ചവരെ കാത്തിരിക്കാം, അതിനുള്ളില്‍ പണം അടയ്ക്കാമെന്ന് രേഖാമൂലം ഉറപ്പുനല്‍കണമെന്നാണ് അധികൃതര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. പഞ്ചായത്തോ ദുരന്തനിവാരണ അതോറിറ്റിയോ നടപടിയെടുക്കാത്തതിനാല്‍ പുലിവാലുപിടിച്ച അവസ്ഥയിലാണ് ഉടമ. ചികിത്സാകേന്ദ്രമാക്കിയതിനെ തുടര്‍ന്ന് കേടുവന്ന കംപ്യൂട്ടറുകളും കോണ്‍ഫറന്‍സ് ഹാളിന്റെ അറ്റകുറ്റപ്പണിയുമൊക്കെയുണ്ടാക്കിയ നഷ്ടത്തിനു പുറമെയാണ് ഇതും.