പിഎഫ്ഐ നിരോധനം; ഓഫീസുകള്‍ സീൽ ചെയുന്ന നടപടി ഇന്നും തുടരും

കൊച്ചി: സംസ്ഥാനത്തെ പോപ്പുലർ ഫ്രണ്ട് ഓഫീസുകൾ സീൽ ചെയ്യുന്ന പ്രക്രിയ ഇന്നും തുടരും. കേന്ദ്ര ആഭ്യന്തര മന്ത്രാലയം പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ചതിന് പിന്നാലെയാണ് കേരളത്തിലെ ഓഫീസുകളും സ്ഥാപനങ്ങളും അടച്ചുപൂട്ടാനുള്ള നടപടി കഴിഞ്ഞ ദിവസം ആരംഭിച്ചത്. ഇന്നലെ രാത്രി ആലുവയിലെ പോപ്പുലർ ഫ്രണ്ട് ഓഫീസ് പൊലീസ് പൂട്ടി സീൽ ചെയ്തിരുന്നു. ആലുവ കുഞ്ഞുണ്ണിക്കരയിൽ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ ഉടമസ്ഥതയിലുള്ള പെരിയാർ വാലി ട്രസ്റ്റ് ആണ് പോലീസ് സീൽ ചെയ്തത്.

എൻഐഎയുടെ സാന്നിധ്യത്തിൽ തഹസിൽദാരുടെയും കേരള പൊലീസിന്‍റെയും നേതൃത്വത്തിലാണ് പോപ്പുലർ ഫ്രണ്ട് ഓഫീസുകൾ സീൽ ചെയ്യുന്നത്.  ബുധനാഴ്ചയാണ് പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ചുകൊണ്ട് കേന്ദ്രം ഉത്തരവിറക്കിയത്. നിരോധനം പ്രാബല്യത്തിൽ വന്നയുടൻ മറ്റ് സംസ്ഥാനങ്ങളിലെ പോപ്പുലർ ഫ്രണ്ട് ഓഫീസുകൾ അടച്ചുപൂട്ടുന്നതുൾപ്പെടെയുള്ള നടപടികൾ ആരംഭിച്ചിരുന്നു. എന്നാൽ, കേരളത്തിൽ തിടുക്കം വേണ്ടെന്നും നടപടികൾ നിയമാനുസൃതമായിരിക്കണമെന്നും സർക്കാർ നിർദ്ദേശിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിൽ പൊലീസ് ആസ്ഥാനത്ത് ചേർന്ന ഉന്നതതല യോഗത്തിന് ശേഷമാണ് പോപ്പുലർ ഫ്രണ്ടിന്‍റെ ഓഫീസുകൾ പൊലീസ് അടച്ചുപൂട്ടാൻ തുടങ്ങിയത്.

അതേസമയം, ദേശവിരുദ്ധ പ്രവർത്തനങ്ങളുടെ പേരിൽ കേരളത്തിൽ നിന്ന് എൻഐഎ അറസ്റ്റ് ചെയ്ത 11 പോപ്പുലർ ഫ്രണ്ട് പ്രവർത്തകരുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. പ്രതികളെ എൻഐഎ ഇന്ന് കോടതിയിൽ ഹാജരാക്കും. ഇന്ത്യയിൽ ഇസ്ലാമിക ഭരണം നടപ്പാക്കാൻ ലക്ഷ്യമിട്ട് ഗൂഡാലോചന നട്തതിയെന്നും ലക്ഷർ ഇ തൊയ്ബ, ഐസിസ് പോലയുള്ള ഭീകരസംഘടകളിലേക്ക് യുവാക്കളെ ആകർഷിക്കാൻ പദ്ധതികൾ തയ്യാറാക്കിയെന്നുമുള്ള കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്.