മേൽപാലം തകർന്ന സംഭവം; കരാർ കമ്പനിക്കെതിരെ കേസ്

കാസർകോട്: പെരിയയിൽ നിർമാണത്തിലിരിക്കുന്ന പാലം തകർന്ന സംഭവത്തിൽ കരാർ കമ്പനിക്കെതിരെ ബേക്കൽ പൊലീസ് കേസെടുത്തു. ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന മേഘ കണ്‍സ്ട്രക്ഷനെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കോൺക്രീറ്റിംഗിനിടെ താങ്ങുകള്‍ തെന്നിപ്പോയതാണ് അപകടത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. അപകടം ദേശീയപാത അതോറിറ്റിയുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്നും നിർമ്മാണത്തിൽ ജാഗ്രതക്കുറവ് ഉണ്ടോയെന്ന് പരിശോധിക്കുമെന്നും പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.

അതേസമയം, കരാറുകാർക്കെതിരെ മനപ്പൂർവമല്ലാത്ത നരഹത്യയ്ക്ക് കേസെടുക്കണമെന്ന് രാജ്മോഹൻ ഉണ്ണിത്താൻ എം.പി പറഞ്ഞു. കമ്പനിയെ കരിമ്പട്ടികയിൽ പെടുത്തണം. കരാറുകാരുടെ നീക്കങ്ങൾ അപകടകരമാണ്. പാലം നിർമാണം ഉടൻ നിർത്തിവച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിക്ക് കത്തയച്ചതായി സ്ഥലം സന്ദർശിച്ച ശേഷം അദ്ദേഹം പറഞ്ഞു.

പുലർച്ചെ മൂന്ന് മണിയോടെയാണ് മേൽപ്പാലം തകർന്ന് വീണത്. ഒരു തൊഴിലാളിക്ക് പരിക്കേറ്റു. സംഭവത്തിൽ നാട്ടുകാർ പ്രതിഷേധിച്ചിരുന്നു.