പ്രതിസന്ധികൾ അകന്നു; സച്ചിൻ നായർ കേരള വീൽചെയർ ക്രിക്കറ്റ്‌ ടീമിൽ കളിക്കും

കാലടി : സ്വന്തമായി വീൽചെയർ ലഭിച്ചതോടെ ഭിന്നശേഷിക്കാർക്കായുള്ള വീൽചെയർ ക്രിക്കറ്റ് കേരള ടീമിൽ ഇനി സച്ചിൻ നായർക്ക് ആവേശത്തോടെ കളിക്കാം. ആശ്രമം റോഡ് കാവിത്താഴത്ത് അമ്പാടിവീട്ടിൽ വേണുവിന്റെ മകനാണ് നഷ്ടപ്പെട്ടെന്ന് കരുതിയ അവസരം തിരികെ ലഭിച്ചിരിക്കുന്നത്.

7മാസങ്ങൾക്ക് മുൻപാണ് ബൈക്ക് അപകടത്തിൽപ്പെട്ട് സച്ചിന് ഒരു കാൽ നഷ്ടമായത്. എന്നാൽ തന്റെ പരിമിതികളിൽ തളർന്ന് പിന്മാറാൻ ആ യുവാവ് തയ്യാറായിരുന്നില്ല.വീൽചെയർ ക്രിക്കറ്റ് അഭ്യസിക്കുന്നതിനായി കോഴിക്കോട് ക്യാമ്പിൽ ചേർന്ന സച്ചിന് മുന്നിൽ വൈകാതെ തന്നെ കേരള ടീമിലേക്കുള്ള വാതിൽ തുറക്കപ്പെട്ടു. എന്നാൽ സാമ്പത്തിക പ്രതിസന്ധി മൂലം സ്വന്തമായി വീൽചെയർ വാങ്ങാൻ കഴിയാതെ വന്നതാണ് സച്ചിന്റെ സ്വപ്നങ്ങൾക്ക് വിലങ്ങുതടിയായത്.

സച്ചിന്റെ അവസ്ഥ മനസ്സിലാക്കി മാണിക്യമംഗലം സായി ശങ്കരാന്തി കേന്ദ്രം മേധാവി പി.എൻ. ശ്രീനിവാസൻ കഴിഞ്ഞ ദിവസം സച്ചിന് വീൽചെയർ വാങ്ങി നൽകി.കലിംഗാ ട്രോഫിക്കായി ഒഡിഷയിൽ മത്സരിക്കുന്ന കേരള ടീമിൽ ഇനി സച്ചിനുമുണ്ടാവും.