മഞ്ഞിൽ മുഖം മൂടപ്പെട്ട് മാൻ; ശ്വാസമെടുക്കാൻ ബുദ്ധിമുട്ടിയ മാനിന് രക്ഷയായി സഞ്ചാരികൾ

അമേരിക്ക, കാനഡ എന്നിവിടങ്ങളിലെ അതിശൈത്യം, മനുഷ്യനെയും, മൃഗങ്ങളെയും ഒരേപോലെയാണ് ബുദ്ധിമുട്ടിലാക്കിയിരിക്കുന്നത്. ഇതിന്റെ വ്യാപ്തി വ്യക്തമാക്കുന്ന ഒരു വീഡിയോയും സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധനേടിക്കഴിഞ്ഞു. മുഖം മുഴുവൻ തണുത്തുറഞ്ഞ മഞ്ഞ് പാളിയാൽ മൂടപ്പെട്ട ഒരു മാനിനെ ഒരു കൂട്ടം സഞ്ചാരികൾ രക്ഷപെടുത്തുന്നതാണ് വീഡിയോയിലുള്ളത്. മാനിന്റെ കണ്ണ്, വായ് എന്നിവയെല്ലാം ഐസിനാൽ മൂടപ്പെട്ടിരിക്കുന്നത് വീഡിയോയിൽ കാണാം.

തുറസ്സായ സ്ഥലത്ത് നിന്നിരുന്ന മാൻ മനുഷ്യ സാന്നിധ്യം തിരിച്ചറിഞ്ഞതോടെ ഓടി രക്ഷപെടാൻ ശ്രമിച്ചെങ്കിലും, മുഖത്തെ മഞ്ഞുപാളിയുടെ ഭാരക്കൂടുതലിനാൽ സാധിച്ചില്ല. കുറച്ച് ദൂരം ഓടിയ മാൻ ശ്വാസതടസ്സം മൂലം നിന്നു. ഉടനെ തന്നെ ആളുകൾ മാനിനെ പിടിച്ച്, മുഖത്ത് നിന്നും മഞ്ഞ് നീക്കം ചെയ്തു. രോമങ്ങൾക്കിടയിലെ മഞ്ഞ് നീക്കുന്നത് ശ്രമകരമായ ജോലിയായിരുന്നു. വേദനയാൽ മാൻ പിടയുന്നതും കാണാം.

മുഖത്ത് ഐസ് മൂടപ്പെട്ടിരുന്നതിനാൽ അത് വരെ മാനിന് കണ്ണ് തുറക്കാനോ, ശ്വാസമെടുക്കാനോ കഴിയാത്ത നിലയിലായിരുന്നു. ഇത്തരം കാലാവസ്ഥകളിൽ മനുഷ്യന് ചെറുത്ത് നിൽക്കാൻ സാധിക്കുമെങ്കിലും, മൃഗങ്ങൾ എത്രത്തോളം നിസ്സഹായരാവുന്നു എന്ന് വീഡിയോയിൽ നിന്ന് വ്യക്തമാണ്. നിരവധിയാളുകളാണ് സഞ്ചാരികളെ അഭിനന്ദിച്ചത്.