കത്തിൽ വിരിഞ്ഞ സൗഹൃദം; 80 വർഷത്തെ സൗഹൃദം തുടർന്ന് ജെഫും,സെലസ്റ്റയും
ഇന്ന് ആളുകളുമായി എളുപ്പത്തിൽ ബന്ധപ്പെടാൻ നമുക്ക് സാധിക്കും.അതിന് വഴിയൊരുക്കിക്കൊണ്ട് സാങ്കേതികവിദ്യ അതിവേഗത്തിലുള്ള വളർച്ച തുടർന്നുകൊണ്ടേയിരിക്കുന്നു.ലോകത്തിന്‍റെ വിവിധ കോണുകളിലുള്ള ആളുകളുമായി സംവദിക്കാൻ ഇന്ന് നിമിഷങ്ങൾ മതി. എന്നാൽ ഇവയൊന്നും ലഭ്യമല്ലാതിരുന്ന കാലത്ത് ആളുകൾ പുതിയ സൗഹൃദങ്ങളുണ്ടാക്കിയിരുന്നതും, കാത്തുസൂക്ഷിച്ചിരുന്നതും തൂലികാസൗഹൃദത്തിലൂടെയായിരുന്നു.
ഇത്തരത്തിൽ 80 വർഷം മുൻപ് തൂലികാസൗഹൃദമാരംഭിച്ച രണ്ടുപേർ ഇപ്പോഴും സുഹൃത്തുക്കളായി തുടരുകയാണ്. ഡെവോണിൽ നിന്നുള്ള ജെഫ് ബാങ്ക്സ് 1938-ൽ അമേരിക്കക്കാരിയായ സെലസ്റ്റ ബൈറിന് കത്തെഴുതുമ്പോൾ 20 വയസ്സായിരുന്നു ഇരുവരുടെയും പ്രായം.ഹോണിറ്റണിലും,ടെക്സാസിലുമിരുന്ന് ഇപ്പോഴും അവർ സൗഹൃദം കാത്തുസൂക്ഷിക്കുന്നു.
കഴിയുന്നിടത്തോളം കാലം, സാധിക്കുമെങ്കിൽ അവസാനം വരെ സൗഹൃദം തുടരണമെന്നാണ് തങ്ങൾ ആഗ്രഹിക്കുന്നതെന്ന് ഇരുവരും പറയുന്നു. അമേരിക്കൻ വിദ്യാർത്ഥികളും,ബ്രിട്ടീഷ് വിദ്യാർത്ഥികളും സുഹൃത്തുക്കളാവുന്നതിനായുള്ള പാഠപദ്ധതിയുടെ ഭാഗമായാണ് ഇരുവരും എഴുതിതുടങ്ങിയത്.