ലക്ഷ്യം സ്പോർട്സ് ജേണലിസം; ശ്രീരഞ്ജിനി എറിഞ്ഞ ജാവലിൻ പതിച്ചത് സ്വർണ്ണത്തിൽ

മലപ്പുറം : സ്പോർട്സ് ജേണലിസ്റ്റ് ആവണം എന്നാണ് വളാഞ്ചേരി സ്വദേശി എച്ച്. ആർ ശ്രീരഞ്ജിനിയുടെ ആഗ്രഹം. അതിലേക്കുള്ള ആദ്യപടിയായി കാലിക്കറ്റ് സർവ്വകലാശാല അന്തർ കലാലയ അത്ലറ്റിക് മീറ്റിൽ ജാവലിൻ ത്രോയിൽ സ്വർണം നേടിയിരിക്കുകയാണ് ഇപ്പോൾ. കാലിക്കറ്റ് വാഴ്സിറ്റി ക്യാമ്പസിലെ ജേണലിസം ആൻഡ് മാസ് കമ്മ്യൂണിക്കേഷൻ വിഭാഗം രണ്ടാം വർഷ പിജി വിദ്യാർത്ഥിനിയാണ് ശ്രീരഞ്ജിനി.

കോച്ച് ജീഷ് കുമാർ രാവിലെയും, വൈകിട്ടും വേണ്ട പരിശീലനങ്ങൾ നൽകുന്നു. കഴിഞ്ഞ വർഷം വെള്ളിയാണ് ലഭിച്ചത്. തൃശൂർ വിമല കോളേജിൽ ഡിഗ്രിക്ക് പഠിക്കുമ്പോൾ 3 വർഷവും അന്തർ കലാലയ മീറ്റിൽ മെഡൽ ജേതാവായി. 5 മെഡലുകളാണ് ഇതിനോടകം ശ്രീരഞ്ജിനി നേടിയത്. തന്റെ വിജയം കാണാൻ അധ്യാപകനായിരുന്ന പിതാവ് പി.ആർ. ഹരിലാൽ കൂടെയില്ല എന്നുള്ളതാണ് ശ്രീരഞ്ജിനിയുടെ ദുഃഖം.

അമ്മ പൂക്കാട്ടിരി യു.പി സ്കൂളിൽ അധ്യാപികയാണ്. കായിക മത്സരങ്ങളിൽ നേരിട്ട് പങ്കെടുത്തും, വിവിധ കായിക ഇനങ്ങളെക്കുറിച്ച് ആഴത്തിൽ മനസിലാക്കിയും സ്പോർട്സ് ജേണലിസ്റ്റാവുക എന്ന സ്വപ്നവുമായി മുന്നേറുകയാണ് ശ്രീരഞ്ജിനി.