കൈയ്യൊഴിയാതെ സർക്കാർ; ഡോക്ടർ സുൽഫത്ത് പൊന്നാനി കടപ്പുറത്തിന്റെ അഭിമാനം

പൊന്നാനി: സുൽഫത്ത് അഭിമാനമാവുകയാണ്. തീരദേശത്തെ ഒരു മത്സ്യത്തൊഴിലാളി കുടുംബത്തിൽ നിന്നുള്ള ആദ്യത്തെ ഡോക്ടറായിരിക്കുകയാണ് സുൽഫത്ത്. തന്നെപോലുള്ള നിർധന കുടുംബത്തിൽപ്പെട്ട വിദ്യാർത്ഥികളുടെ പഠനത്തിന് സഹായമേകി കൂടെ നിൽക്കാൻ കഴിഞ്ഞുവെന്നത് സുൽഫത്തിന്റെ നേട്ടത്തിന് കൂടുതൽ മധുരമേകുന്നു.അഞ്ചു വർഷം മുൻപ് എം. ബി.ബി.എസ്.ഫീസിളവിൽ നിർണ്ണായക പങ്കു വഹിച്ച സുൽഫത്ത് ഇപ്പോൾ ഡോക്ടർ പഠനം പൂർത്തിയാക്കിയെന്നതും ശ്രദ്ധേയമാണ്.

2017 ൽ മെഡിക്കൽ എൻട്രൻസ് പരീക്ഷ പാസ്സായ സുൽഫത്തിന് പ്രവേശനം ലഭിച്ചത് കൊല്ലത്തെ സ്വാശ്രയ കോളേജായ ട്രാവൻകൂർ മെഡിക്കൽ കോളേജിലായിരുന്നു.മെറിറ്റ് സീറ്റിൽ പ്രവേശനം നേടിയിട്ടും 11 ലക്ഷം വാർഷിക ഫീസ് എന്നത് സുൽഫത്ത് നേരിട്ട വലിയ പ്രതിസന്ധിയായിരുന്നു.ഇതേതുടർന്നാണ് മുൻ പൊന്നാനി എം.എൽ.എയും,പി.രാമകൃഷ്ണന്റെ സഹായം കുടുംബം തേടുന്നത്. ആരോഗ്യവകുപ്പ്,ഫിഷറീസ് മന്ത്രിമാരുടെ സാന്നിധ്യത്തിൽ മുഖ്യമന്ത്രിയും സ്പീക്കറും തമ്മിലുള്ള ചർച്ച നിരവധി വിദ്യാർത്ഥികൾക്ക് അനുഗ്രഹമാകുന്ന തീരുമാനത്തിലേക്ക് നയിക്കുകയായിരുന്നു.

മത്സ്യതൊഴിലാളികളുടെ സ്വാശ്രയ കോളേജുകളിലെ ഫീസ്, ഫിഷറീസ് വകുപ്പിന് ഏറ്റെടുക്കാൻ കഴിയുമോയെന്ന് വകുപ്പ് സെക്രട്ടറിമാരോട് ആലോചിക്കാൻ മന്ത്രിമാർ നിർദേശിക്കുകയായിരുന്നു.