ചാൾസ് മൂന്നാമന്റെ സ്ഥാനാരോഹണം ഇന്ന്; ദുഃഖാചരണത്തിനുശേഷം ഔദ്യോഗിക ചടങ്ങുകൾ

ലണ്ടൻ: ചാൾസ് മൂന്നാമൻ ഇന്ന് ബ്രിട്ടീഷ് രാജവംശത്തിന്‍റെ പുതിയ രാജാവായി സത്യപ്രതിജ്ഞ ചെയ്യും. ഇന്ത്യൻ സമയം ഉച്ചയ്ക്ക് 2.30ന് സെന്‍റ് ജെയിംസ് പാലസിലാണ് സത്യപ്രതിജ്ഞാ ചടങ്ങ്. ഇതിന് ശേഷം പുതിയ രാജാവിന്‍റെ ആദ്യ പൊതുപ്രഖ്യാപനം നടക്കും.

കൊട്ടാരത്തിന്റെ ഫ്രിയറി കോർട്ട് ബാൽക്കണിയിൽനിന്നാണ് ഈ പ്രഖ്യാപനം ചാൾസ് നടത്തുക. തുടർന്ന് ഹൈഡ് പാർക്കിലും ടവർ ഓഫ് ലണ്ടനിലും ഗൺസല്യൂട്ട് ഉണ്ടാകും. ഒരു മണിക്കൂറിന് ശേഷം, ലണ്ടൻ നഗരത്തിലെ റോയൽ എക്സ്ചേഞ്ചിൽ രണ്ടാമത്തെ പ്രഖ്യാപനം ഉണ്ടാകും. സ്കോട്ട്ലൻഡ്, വെയിൽസ്, നോർത്തേൺ അയർലൻഡ് എന്നിവിടങ്ങളിൽ ഞായറാഴ്ച ഉച്ചതിരിഞ്ഞ് പ്രത്യേക വിളംബരങ്ങൾ നടക്കും.

ചരിത്രത്തിലാദ്യമായി സ്ഥാനാരോഹണം തത്സമയം സംപ്രേഷണം ചെയ്യും. കിരീടധാരണം നടന്നാലും ദുഃഖാചരണം കഴിഞ്ഞ ശേഷമേ ഔദ്യോഗിക ചടങ്ങുകൾ നടക്കൂ. മുഴുവൻ ചടങ്ങുകളും നിർവഹിക്കാൻ ധാരാളം തയ്യാറെടുപ്പുകൾ ആവശ്യമാണ്. വിവിധ ലോകനേതാക്കളും ചടങ്ങിൽ പങ്കെടുക്കും. ജോർജ് ആറാമൻ രാജാവ് മരിച്ചതിനു പിന്നാലെ എലിസബത്ത് രാജ്ഞിയുടെ സ്ഥാനാരോഹണം നടത്തിയെങ്കിലും പൂർണ ചടങ്ങുകളോടെ ഔദ്യോഗിക നടപടിക്രമങ്ങൾ ദുഃഖാചരണത്തിന്റെ കാലം കഴിഞ്ഞ് ഒരു വർഷത്തിനുശേഷമാണ് നടന്നത്.