കുഞ്ഞുനാളിൽ വിടർന്ന പക്ഷിസ്നേഹം; യു.എൻ ബഹുമതി നേടി ഡോ പൂർണിമ ബർമ്മൻ

കുട്ടിക്കാലം മുതൽ ആ പെൺകുട്ടിക്ക് പക്ഷികളോട് സ്നേഹം തോന്നിതുടങ്ങിയിരുന്നു. ബ്രഹ്മപുത്ര നദിയുടെ തീരത്ത് മുത്തച്ഛനും, മുത്തശ്ശിയും പകർന്ന പാഠങ്ങളാണ് പക്ഷി പരിപാലനത്തിലേക്കുള്ള അറിവ് നൽകിയത്. ഈ വർഷത്തെ യു.എൻ പരിസ്ഥിതി അംഗീകാരമായ ‘ചാമ്പ്യൻസ് ഓഫ് ദി എർത്ത്’ പുരസ്കാരം നേടുന്ന അഞ്ചു പേരിൽ ഒരാളാവാൻ ഡോ.പൂർണിമ ദേവി ബർമ്മനെ സഹായിച്ചതും ആ അറിവുകളായിരുന്നു. കൊറ്റികളിലെ ഏറ്റവും വലിയ വിഭാഗമായ വാൽനായ്ക്കൻ അഥവാ ഗ്രേറ്റർ അഡ്ജൂട്ടന്റ് സ്പീഷിസിനെ വംശനാശഭീഷണിയിൽ നിന്നും സംരക്ഷിക്കുന്നതിനായി നടത്തിയ ശ്രമങ്ങൾക്കാണ് ഈ അംഗീകാരം അവരെ തേടിയെത്തിയത്.

ഒരു വന്യജീവി ശാസ്ത്രജ്ഞയായ പൂർണിമ ദേവി ബർമ്മൻ അസമിലാണ് പ്രവർത്തിക്കുന്നത്. അഞ്ചാം വയസ്സിൽ മുത്തച്ഛന്‍റെയും മുത്തശ്ശിയുടെയും അടുക്കലെത്തിയത് അവരുടെ ജീവിതത്തിലെ വഴിത്തിരിവായി മാറുകയായിരുന്നു. സുവോളജിയിൽ ബിരുദാനന്തരബിരുദം നേടിയ ശേഷം പൂർണിമ ഗ്രേറ്റർ അഡ്ജൂട്ടന്റ് സ്റ്റോക്കിനെ പഠനവിഷയമാക്കി പി.എച്ച്.ഡി നേടി.ഇതിലൂടെയാണ് ഈ പക്ഷിവിഭാഗം നേരിടുന്ന വംശനാശത്തെക്കുറിച്ച് അവർ മാമസ്സിലാക്കുന്നത്.