നവമാധ്യമക്കൂട്ടായ്മ ഇടപെട്ടു; ജപ്തിഭീഷണിയൊഴിഞ്ഞ് നിർധന കുടുംബം

വോയ്സ് ഓഫ് അറനൂറ്റിമംഗലം ട്രസ്റ്റ് എന്ന നവമാധ്യമക്കൂട്ടായ്മയുടെ ഇടപെടലിലൂടെ ജപ്തിഭീഷണി നേരിട്ടിരുന്ന ഒരു കുടുംബം പ്രതീക്ഷകളുടെ പുതുജീവിതത്തിലേക്ക് തിരികെയെത്തി.ഗൃഹനാഥൻ മരണപ്പെട്ടതിനെതുടർന്ന് പ്രതിസന്ധിയിലായ കുടുംബത്തിനാണ് കൂട്ടായ്മയുടെ സഹായഹസ്തം ലഭിച്ചത്.

അറനൂറ്റിമംഗലം കണ്ണങ്കര പടീറ്റതിൽ പരേതനായ മധുവിന്റെ കുടുംബമാണ് ബാങ്കിൽ നിന്ന് കടമെടുത്ത തുക തിരികെയടക്കാൻ കഴിയാത്തതിനാൽ ജപ്തിഭീഷണിയിലായത്. ഒറ്റതവണ തീർപ്പായി തുക അടക്കാൻ ബാങ്ക് അറിയിച്ചെങ്കിലും രണ്ട് വിദ്യാർത്ഥികളും,അമ്മയുമടങ്ങുന്ന കുടുംബത്തിന് അത് താങ്ങാവുന്നതിനുമപ്പുറമായിരുന്നു.

തുടർന്നാണ് 53,500 രൂപ സമാഹരിച്ച് ട്രസ്റ്റ് ജപ്തി നടപടികളിൽ നിന്ന് കുടുംബത്തെ സംരക്ഷിച്ചത്.തഴക്കര പഞ്ചായത്ത് പ്രസിഡന്റ് ഷീബ തുക കൈമാറി. സുജു മതിലിശേരിൽ,രാജേഷ് രവീന്ദ്രൻ,കെ.കെ വിശ്വംഭരന്‍ ഉണ്ണികൃഷ്ണൻ,ജോൺസൻ.ടി, യാശോധരൻ,സതീഷ് കുമാർ, വിഷ്ണു സുരേഷ് എന്നിവർ പങ്കെടുത്തു.