ബാഗ് മോഷ്ടിച്ച് രക്ഷപെട്ട കള്ളന്മാരുടെ പിന്നാലെ ഒന്നരകിലോമീറ്ററോളം പാഞ്ഞ് പോലീസ്

കാസര്‍കോട്: ട്രെയിനിൽ നിന്ന് മോഷണം നടത്തിയ ശേഷം ഓടി രക്ഷപ്പെട്ട മോഷ്ടാക്കളുടെ പിന്നാലെ പൊലീസ് ഓടിയെത്തി ബാഗ് കണ്ടെടുത്തു. കാസർകോട് റെയിൽവേ സ്റ്റേഷനിലെ ഉദ്യോഗസ്ഥരായ എൻ മുഹമ്മദ് ഫൈസൽ, കെ എം ഹിദായത്തുള്ള എന്നിവരാണ് ഒന്നര കിലോമീറ്ററോളം മോഷ്ടാക്കളുടെ പിന്നാലെ ഓടിയത്. കഴിഞ്ഞ ദിവസം സേലത്ത് നിന്ന് മംഗളൂരുവിലേക്കുള്ള വെസ്റ്റ് കോസ്റ്റ് എക്സ്പ്രസിൽ പട്രോളിംഗ് ഡ്യൂട്ടിയിലായിരുന്നു ഇരുവരും.

അതിരാവിലെ ട്രെയിൻ കാഞ്ഞങ്ങാട് സ്റ്റേഷനിലെത്തിയപ്പോൾ ഉദ്യോഗസ്ഥർ പ്ലാറ്റ്ഫോം ചുറ്റുപാടുകൾ നിരീക്ഷിച്ചുകൊണ്ടിരിക്കുമ്പോഴാണ് എസി കംപാർട്ട്മെന്‍റിൽ നിന്ന് ആളുകൾ നിലവിളിക്കുന്ന ശബ്ദം കേട്ടത്. ട്രെയിനിൽ നിന്ന് രണ്ട് പേർ ഇറങ്ങി ഓടിപ്പോകുന്നതും ഇരുവരും ശ്രദ്ധിച്ചു. സേലത്ത് നിന്നുള്ള യാത്രക്കാരന്റെ ലാപ്ടോപ് അടങ്ങിയ ബാഗുമായാണ് മോഷ്ടാക്കൾ രക്ഷപെടാൻ ശ്രമിച്ചത്.

ട്രെയിൻ സ്റ്റേഷനിൽ നിന്ന് നീങ്ങാൻ തുടങ്ങിയ ഉടൻ തന്നെയായിരുന്നു മോഷ്ടാക്കളുടെ രക്ഷപ്പെടൽ ശ്രമം. ഇരുട്ടിൽ റെയിൽവേ ട്രാക്കിലൂടെ രക്ഷപ്പെടാൻ ശ്രമിച്ച മോഷ്ടാക്കളെ ടോർച്ച് വെളിച്ചത്തിന്റെ സഹായത്തോടെ പൊലീസ് പിന്തുടർന്നു. ഉദ്യോഗസ്ഥർ തങ്ങളെ പിന്തുടരുന്നുണ്ടെന്ന് തിരിച്ചറിഞ്ഞ മോഷ്ടാക്കൾ ബാഗ് കുറ്റിക്കാട്ടിലേക്ക് വലിച്ചെറിഞ്ഞ് കാടിനുള്ളിലേക്ക് ഓടിരക്ഷപ്പെടുകയായിരുന്നു. ബാഗ് വീണ്ടെടുത്ത ശേഷം മുഹമ്മദ് ഫൈസലും ഹിദായത്തുള്ളയും കൺട്രോൾ റൂമിൽ വിവരം അറിയിച്ചു.