രാഷ്ട്രീയ പ്രതിസന്ധി; രാജി ഭീഷണി മുഴക്കി ഇറാഖ് പ്രധാനമന്ത്രി

ബാഗ്ദാദ്: ഇറാഖിലെ രാഷ്ട്രീയ പ്രതിസന്ധിക്കിടെയാണ് ഇറാഖ് പ്രധാനമന്ത്രി രാജി ഭീഷണി മുഴക്കി. രാഷ്ട്രീയ സംഘർഷം പരിഹരിച്ചില്ലെങ്കിൽ സ്ഥാനമൊഴിയുമെന്ന് മുസ്തഫ അൽ ഖാദിമി പറഞ്ഞു. ബാഗ്ദാദിലെ ഗ്രീൻ സോണിൽ നടന്ന അക്രമത്തിൽ 30 പേർ കൊല്ലപ്പെടുകയും നൂറുകണക്കിന് പേർക്ക് പരിക്കേൽക്കുകയും ചെയ്തതിന് പിന്നാലെയാണ് അൽ ഖാദിമിയുടെ പ്രതികരണം.

അരാജകത്വത്തിന്‍റെയും സംഘട്ടനത്തിന്‍റെയും കലഹത്തിന്‍റെയും വിത്തുകൾ വിതയ്ക്കുന്നത് തുടരുകയും യുക്തിയുടെ ശബ്ദം കേൾക്കാൻ വിസമ്മതിക്കുകയും ചെയ്യുന്നവർക്കെതിരെ ഞാൻ മുന്നറിയിപ്പ് നൽകുന്നു. നിങ്ങൾ ഈ പാതയിൽ തുടരുകയാണെങ്കിൽ, ഭരണഘടനയുടെ ആർട്ടിക്കിൾ 81 അനുസരിച്ച് ഞാൻ എന്‍റെ സ്ഥാനം ഒഴിയും. അദ്ദേഹം പറഞ്ഞു.

ഞാൻ ഒരിക്കലും ഒരു പ്രശ്നത്തിലും പങ്കാളി ആയിരുന്നില്ല. ഇറാഖി രാഷ്ട്രത്തെ ദുർബലപ്പെടുത്താൻ വിവിധ വശങ്ങളിൽ നിന്നുണ്ടായ എല്ലാത്തരം അധിക്ഷേപങ്ങളും പ്രതിബന്ധങ്ങളും യുദ്ധങ്ങളും ഞാൻ ക്ഷമയോടെ സഹിച്ചു. പ്രതിഷേധക്കാർക്ക് നേരെ വെടിയുതിർക്കുകയും രക്തം ചിന്തുകയും ചെയ്തവരുടെ കയ്യിൽ ആയുധം നൽകിയവരെ കണ്ടെത്താൻ അന്വേഷണ സമിതിയെ നിയോഗിക്കും, അദ്ദേഹം കൂട്ടിച്ചേർത്തു.