ആദ്യമായി മുലപ്പാലിൽ മൈക്രോപ്ലാസ്റ്റിക് സാന്നിധ്യം തിരിച്ചറിഞ്ഞു
ഗവേഷകർ ആദ്യമായി മുലപ്പാലിൽ മൈക്രോപ്ലാസ്റ്റിക്സിന്‍റെ സാന്നിധ്യം തിരിച്ചറിഞ്ഞു. നെതർലാൻഡ്സ് സർവകലാശാലയിലെ (വ്രിജെ യൂണിവേഴ്സിറ്റി ആംസ്റ്റർഡാം) ഗവേഷകരാണ് ഈ കണ്ടെത്തലിന് പിന്നിൽ. ഇറ്റലിയിലെ ആരോഗ്യവതികളായ അമ്മമാരിൽ നിന്ന് ശേഖരിച്ച മുലപ്പാലിലാണ് മൈക്രോപ്ലാസ്റ്റിക്സിന്‍റെ സാന്നിധ്യം തിരിച്ചറിഞ്ഞത്. ഇറ്റലിയിലെ 34 അമ്മമാരിലാണ് പഠനം നടത്തിയത്. ഇതിൽ 75 ശതമാനം പേരുടെ മുലപ്പാലിലും മൈക്രോപ്ലാസ്റ്റിക്കുകൾ അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തി. പ്രസവം കഴിഞ്ഞ് ഒരാഴ്ച കഴിഞ്ഞാണ് മുലപ്പാൽ ശേഖരിച്ചത്. അതേസമയം, അമ്മമാരുടെ ഡയറ്ററി സപ്ലിമെന്‍റുകളിലൊന്നും അവയുടെ സാന്നിധ്യം കണ്ടെത്താൻ കഴിഞ്ഞില്ല. മനുഷ്യകോശങ്ങളിലും, വന്യമൃഗങ്ങളിലും ഇവയുടെ സാന്നിദ്ധ്യം മുമ്പ് തിരിച്ചറിഞ്ഞിട്ടുണ്ട്. എന്നാൽ ഇവമൂലം മനുഷ്യർക്കുണ്ടാകുന്ന ദോഷങ്ങളെക്കുറിച്ച് വലിയ തെളിവുകൾ ഉണ്ടായിരുന്നില്ല.
2020 ൽ, ഒരു ഇറ്റാലിയൻ ഗവേഷണ സംഘം പ്ലാസന്‍റകളിൽ (പ്ലാസന്‍റ) മൈക്രോപ്ലാസ്റ്റിക്സിന്‍റെ സാന്നിധ്യം കണ്ടെത്തിയിരുന്നു. പ്ലാസ്റ്റിക്കിലെ ഫലേറ്റ് പോലുള്ള രാസവസ്തുക്കളുടെ സാന്നിധ്യം മുലപ്പാലിൽ മുമ്പ് കണ്ടെത്തിയിട്ടുണ്ട്. എന്നാൽ ഇതാദ്യമായാണ് മൈക്രോപ്ലാസ്റ്റിക്സിന്‍റെ സാന്നിധ്യം കണ്ടെത്തുന്നത്.
മൈക്രോപ്ലാസ്റ്റിക് നവജാതശിശുക്കൾക്ക് പോലും ഭീഷണിയാകാമെന്നാണ് ഗവേഷണ സംഘത്തിന്‍റെ അഭിപ്രായം. പ്ലാസ്റ്റിക് മാലിന്യങ്ങൾ നീക്കം ചെയ്യുന്നതിന് നിയമപരമായ സംവിധാനങ്ങളും മതിയായ അവബോധവും ആവശ്യമാണെന്ന് ഗവേഷണ സംഘം നിർദ്ദേശിച്ചു.