നാടിന് അഭിമാനം; നീറ്റ് പരീക്ഷയിൽ സംസ്ഥാനത്ത് ഒന്നാം സ്ഥാനവുമായി നന്ദിത

കുറ്റിപ്പുറം: പടന്നപ്പാട്ട് വീടിനും തവനൂർ ഗ്രാമത്തിനും ഇരട്ടിമധുരമായിരുന്നു ഇത്തവണത്തെ തിരുവോണപ്പുലരി. അഖിലേന്ത്യാ മെഡിക്കൽ പ്രവേശനത്തിനുള്ള നീറ്റ് പരീക്ഷയിൽ സംസ്ഥാനത്ത് ഒന്നാം റാങ്ക് നേടിയ പി നന്ദിത മലപ്പുറം തവനൂർ സ്വദേശിനിയാണ്. നന്ദിതയുടേത് നിശ്ചയദാർഢ്യത്തിന്‍റെ വിജയം കൂടിയാണ്. മൂന്നാം ശ്രമത്തിലാണ് നന്ദിതയെ സംസ്ഥാന തലത്തിലെ ഒന്നാം റാങ്ക് തേടി എത്തിയത്. പ്ലസ് ടു പഠനത്തോടൊപ്പം ആദ്യ നീറ്റ് പരീക്ഷ എഴുതിയെങ്കിലും കുറഞ്ഞ മാർക്കാണ് ലഭിച്ചത്.

രണ്ടാം ശ്രമത്തിൽ 579 മാർക്ക് നേടി. മികച്ച കോളേജിൽ പ്രവേശനം ലഭിക്കില്ലെന്ന് ഉറപ്പായതോടെ വീണ്ടും പരീക്ഷയെ നേരിടാൻ തയ്യാറായി. പാലായിലെ സ്വകാര്യ കോച്ചിംഗ് സെന്‍ററിലെ പഠനത്തിനുശേഷം മൂന്നാമത്തെ പരീക്ഷയിൽ നന്ദിത ഒന്നാമതെത്തി. അഖിലേന്ത്യാ തലത്തിൽ 47-ാം റാങ്കും പെൺകുട്ടികളിൽ 17-ാം റാങ്കും നന്ദിത നേടി. 720 ൽ 701 മാർക്ക് ആണ് നേടിയത്. 

ഈ നേട്ടത്തെ ദൈവം നൽകിയ ഓണസമ്മാനമായാണ് കാണുന്നതെന്ന് നന്ദിത പറഞ്ഞു. മികച്ച വിജയം ഉറപ്പാണെന്നും എന്നാൽ ഒന്നാം റാങ്ക് പ്രതീക്ഷിച്ചില്ലെന്നും നന്ദിത പ്രതികരിച്ചു. നന്ദിത ഇപ്പോൾ ഡൽഹി എയിംസിൽ പഠനത്തിനുള്ള തയ്യാറെടുപ്പിലാണ്.