ജിപ്സ് കഴുകന്മാരുടെ സംരക്ഷണം; അടിയന്തിര ഇടപെടൽ വേണമെന്ന് സംഘടനകൾ
തൃശ്ശൂർ: ജിപ്സ് കഴുകന്മാരുടെ വംശം നിലനിർത്താൻ അടിയന്തിര ഇടപെടൽ ആവശ്യമാണെന്ന് മുന്നറിയിപ്പ്. ഏഷ്യയുടെ തെക്കൻ, തെക്കുകിഴക്കൻ പ്രദേശങ്ങളിലാണ് ജിപ്സ് കഴുകന്മാർ കാണപ്പെടുന്നത്. പശുക്കളിലും എരുമകളിലും വേദനസംഹാരിയായി ഉപയോഗിക്കുന്ന അസിക്ലോഫെനക്കിന്റെ ഉപയോഗം നിരോധിക്കണമെന്നാണ് ആവശ്യം.
ഇന്ത്യൻ വെറ്ററിനറി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് നടത്തിയ പഠനത്തിന്‍റെ അടിസ്ഥാനത്തിലാണ് പക്ഷിസ്നേഹി സംഘടനകൾ രംഗത്തെത്തിയിരിക്കുന്നത്.
മരുന്നുപയോഗിച്ച മൃഗങ്ങളുടെ ജഡം ഭക്ഷിച്ച കഴുകന്മാരുടെ വൃക്കകൾ തകരാറിലായി മരണം സംഭവിച്ചിരുന്നു. ഇത്തരം അപകടത്തിന് കാരണമാകുമെന്ന് കണ്ടെത്തിയതിനെ തുടർന്ന് മറ്റൊരു വേദനസംഹാരിയായ ഡൈക്ലോഫെനക്കിന്റെ ഉപയോഗം ഇന്ത്യയിൽ ഉൾപ്പെടെ കന്നുകാലികളിൽ നിരോധിച്ചിരുന്നു.