പെൻഷൻ പ്രായം കൂട്ടിയത് പിൻവലിക്കണം; വിയോജിപ്പ് പ്രകടിപ്പിച്ച് ഡിവൈഎഫ്ഐ

തിരുവനന്തപുരം: പൊതുമേഖലാ സ്ഥാപനങ്ങളിലെ പെൻഷൻ പ്രായം വർധിപ്പിച്ചതിലുള്ള വിയോജിപ്പ് പ്രകടിപ്പിച്ച് ഡി.വൈ.എഫ്.ഐ. പെൻഷൻ പ്രായം 60 ആക്കി ഉയർത്തിയത് അംഗീകരിക്കാനാവില്ലെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടേറിയറ്റ് വ്യക്തമാക്കി. ഉത്തരവ് പിൻവലിക്കണമെന്നും സംഘടന സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു. അതേസമയം, സർക്കാരിന് യുവാക്കളോട് വിവേചനമില്ലെന്നും അനുഭാവപൂർണമായ സമീപനമാണുള്ളതെന്നും ഡി.വൈ.എഫ്.ഐ അഭിപ്രായപ്പെട്ടു.

കെ.എസ്.ഇ.ബി, കെ.എസ്.ആർ.ടി.സി, വാട്ടർ അതോറിട്ടി എന്നിവ ഒഴികെയുള്ള പൊതുമേഖലാ സ്ഥാപനങ്ങളിൽ പുതിയ ഉത്തരവ് ബാധകമാണ്. ഒരു ലക്ഷത്തിലധികം ജീവനക്കാർക്ക് ബാധകമായ ഈ ഉത്തരവ് തൊഴിലന്വേഷകരായ ലക്ഷക്കണക്കിന് ഉദ്യോഗാർത്ഥികളെ പ്രതികൂലമായി ബാധിക്കുമെന്നും ഡി.വൈ.എഫ്.ഐ പ്രസ്താവനയിൽ പറഞ്ഞു.

പൊതുമേഖലാ സ്ഥാപനങ്ങളിലെ പെൻഷൻ പ്രായം വർധിപ്പിച്ച ധനവകുപ്പിന്‍റെ ഉത്തരവ് പിൻവലിക്കണമെന്നാണ് ഡി.വൈ.എഫ്.ഐയുടെ ആവശ്യം. സേവന വേതന വ്യവസ്ഥകളുടെ ഏകീകരണത്തിൽ എതിർപ്പില്ല. എന്നാൽ പെൻഷൻ പ്രായം 60 വയസ്സായി ഉയർത്തിയ തീരുമാനം പിൻവലിക്കണം. കേരളത്തിലെ ഉദ്യോഗാർഥികളെ പ്രതികൂലമായി ബാധിക്കുന്ന വിഷയമാണിതെന്നും ഡിവൈഎഫ്ഐ സെക്രട്ടറി വി കെ സനോജ് പറഞ്ഞു.