ആറാം ക്ലാസുകാരിയുടെ ശ്രമം വിജയിച്ചു; മരത്തിൽ കുടുങ്ങിയ കൊറ്റിക്ക് പുതുജീവൻ

കാലിൽ നൂല് കുരുങ്ങി മരക്കൊമ്പിൽ പ്രാണന് വേണ്ടി പിടയുന്ന കൊറ്റിയെ കണ്ടപ്പോൾ ആയിഷ തൻഹനിയയുടെ കുഞ്ഞു മനസ്സ് പിടഞ്ഞു. എങ്ങനെയും മരത്തിൽ കയറി കൊറ്റിയെ രക്ഷിക്കാൻ ശ്രമിച്ച ആയിഷയോട് ഉമ്മയാണ് മരത്തിന് ഉയരം കൂടുതലായതിനാൽ അഗ്നിസുരക്ഷാ സേനയെ വിളിക്കാൻ നിർദേശിച്ചത്. ഒടുവിൽ ആ ബാലികയുടെ ശ്രമം വിജയിച്ചു.

സമയം പാഴാക്കാതെ തന്നെ സഹോദരി സന ഫാത്തിമയുടെ സഹായത്തോടെ ഗൂഗിളിൽ നിന്ന് മാനന്തവാടി ഫയർ ഫോഴ്സ് നിലയം നമ്പർ കണ്ടെത്തി വിവരമറിയിച്ചു. ഉദ്യോഗസ്ഥനായ പി.വി വിശ്വന്റെ നേതൃത്വത്തിൽ വി.പി.വിനോദ്, വി.ആർ.മധു, കെ.ജെ.ജിതിൻ, കെ.ധീരജ്, ബിനീഷ്, ബേബി, കെ. അലക്സാണ്ടർ, എന്നിവരെത്തിയാണ് പക്ഷിയെ രക്ഷിച്ചത്.

മഞ്ചേരി പരക്കുനി പുൽപറമ്പിൽ അലിയുടെയും, സജ്‌നയുടെയും മകളായ ആറാം ക്ലാസുകാരി ആയിഷ പനമരം ഗവ.ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥിനിയാണ്.