വികസനത്തിനായി ഓർമകളുറങ്ങുന്ന മണ്ണും വിട്ടുനൽകി

പാലപ്പെട്ടി: നാടിന്റെ വികസനത്തിന് വഴിയൊരുക്കാൻ 300 ലധികം കബറിടങ്ങൾ പൊളിച്ചു മാറ്റി മഹല്ല് കമ്മിറ്റി. കബർസ്ഥാനിൽ തന്നെ മറ്റെവിടെയെങ്കിലും പൊളിച്ചുമാറ്റിയ ശവകുടീരങ്ങളിലെ തങ്ങളുടെ പ്രിയപ്പെട്ടവരുടെ അവശിഷ്ടങ്ങൾ മറവുചെയ്യാൻ കുടുംബാംഗങ്ങൾക്ക് അനുവാദം നൽകി. പൊന്നാനി-ചാവക്കാട് ദേശീയപാതയ്ക്ക് സമീപമുള്ള പാലപ്പെട്ടി ബദർ ജുമാമസ്ജിദ് മഹല്ല് കമ്മിറ്റിയാണ് നാടിന്റെ വികസനത്തിൻ പുതിയ മാതൃകയാണ് സൃഷ്ടിച്ചിരിക്കുന്നത്.

ദേശീയപാതയുടെ വീതി 45 മീറ്ററായി കൂട്ടുന്നതിന്‍റെ ഭാഗമായാണ് അരയേക്കർ സ്ഥലം വിട്ടുനൽകിയത്. പള്ളിക്ക് മുന്നിലെ ഈ സ്ഥലത്ത് 15 വർഷം മുമ്പ് വരെ മയ്യിത്ത് അടക്കപ്പെട്ടിരുന്നു. 15 മുതൽ 50 വർഷം വരെ പഴക്കമുള്ള കബറുകളാണു  സ്ഥലത്തുള്ളത്. ശവകുടീരങ്ങൾ തുറന്ന് അവശിഷ്ടങ്ങൾ പുറത്തെടുത്ത് ആചാരപ്രകാരം മറ്റൊരിടത്ത് അടക്കം ചെയ്തു. ദാറുൽ ആഖിറ സന്നദ്ധ പ്രവർത്തകരുടെ സഹായത്തോടെയാണ് മൃതദേഹങ്ങൾ മാറ്റി മറവ് ചെയ്തത്.