പൊള്ളലിലും തകരാഞ്ഞ മനക്കരുത്ത്; ഷാഹിനയുടെ കൈപിടിച്ച് നിയാസ്

കൊച്ചി: മനസ്സിനെയും ശരീരത്തെയും ഒരുപോലെ ചുട്ടുപൊള്ളിച്ച വിധിയെ ധൈര്യപൂർവ്വം നേരിട്ട ഷാഹിനയുടെ കൂടെ നടക്കാൻ ഇനി നിയാസ് ഉണ്ട്. തൃപ്പൂണിത്തുറ ഗവ. ഹോമിയോ ഡിസ്പെൻസറിയിലെ മെഡിക്കൽ ഓഫീസർ ഡോ.ഷാഹിനയും മലപ്പുറം മാറഞ്ചേരി ഉദിനിക്കൂട്ടിൽ മുഹമ്മദ്കുട്ടി, ഇയ്യാത്തുകുട്ടി ദമ്പതികളുടെ മകനായ നിയാസും ഞായറാഴ്ച കളമശ്ശേരി മുനിസിപ്പാലിറ്റി ടൗൺ ഹാളിൽ വിവാഹിതരായി. ജൂണിലായിരുന്നു ഇരുവരുടെയും വിവാഹ നിശ്ചയം.

പൊള്ളലേറ്റ മുഖം ഒരിക്കൽ പോലും സമൂഹത്തിന് മുന്നിൽ മറയ്ക്കാതെ വാശിയോടെ പഠിച്ച് സമൂഹത്തിൽ തന്‍റേതായ ഇടം നേടിയ ഷാഹിനയുടെ കഥ വാർത്തകളിലൂടെയാണ് ബിസിനസുകാരനായ നിയാസ് അറിയുന്നത് . ഇടപ്പള്ളി വട്ടേക്കുന്നിലെ കുഞ്ഞുമുഹമ്മദിന്‍റെയും സുഹറയുടെയും നാല് പെൺമക്കളിൽ ഇളയവളായിരുന്നു ഷാഹിന. നാലാം വയസ്സിൽ പവർകട്ടിനിടെ വീട്ടിൽ പഠിക്കുന്ന സമയത്ത് മണ്ണെണ്ണ വിളക്കിൽ നിന്ന് തീപിടിച്ചതിനെ തുടർന്നാണ് ഷാഹിനയ്ക്ക് പൊള്ളലേറ്റത്. 80 ശതമാനം പൊള്ളലേറ്റെങ്കിലും ജീവൻ തിരിച്ചുകിട്ടി. ഏറെക്കാലത്തെ ചികിത്സയ്ക്ക് ശേഷമാണ് ഷാഹിന സ്കൂളിൽ പോകാൻ തുടങ്ങിയത്. പിന്നീട് പഠിച്ച് ഒരു ഹോമിയോ ഡോക്ടറായി. പിന്നീട് സർക്കാർ ജോലിയിലും പ്രവേശിച്ചു.

സുഹൃത്തും ഫോട്ടോഗ്രാഫറുമായ വിഷ്ണു സന്തോഷിന്‍റെ അഭ്യർത്ഥന മാനിച്ചാണ് ഷാഹിന കഴിഞ്ഞ വർഷം ഫോട്ടോഷൂട്ടിന്‍റെ ഭാഗമായത്. മുഖത്തെ പൊള്ളലേറ്റ പാടുകളെ സൗന്ദര്യമാക്കി മാറ്റിയ ഫോട്ടോഷൂട്ട് പ്രശംസ പിടിച്ചുപറ്റി. ഷാഹിനയുടെ ചിത്രം നടൻ മമ്മൂട്ടിയുടെ ശ്രദ്ധയും പിടിച്ചുപറ്റിയിരുന്നു. ഇതോടെ മമ്മൂട്ടിയുടെ ‘പതഞ്ജലി ഹെർബൽസ്’ ഷാഹിനയുടെ ചികിത്സ ഏറ്റെടുത്തു. ചികിത്സ തുടങ്ങിയ ഉടനെ നല്ല മാറ്റമുണ്ടായി. ഹൈദരാബാദിൽ ഷൂട്ടിങ്ങിലുള്ള മമ്മൂട്ടി വിവാഹാശംസകൾ നേർന്ന് സന്ദേശം അയച്ചിരുന്നു.