കൈത്തൊഴിലിനെ ചേർത്ത് പിടിച്ച് അധ്യാപകൻ; അറിവ് പകരുന്നതോടൊപ്പം ആലയിലും സജീവം

കരുനാഗപ്പള്ളി: ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകനായ രഖുത്തമൻ പാരമ്പര്യമായി കൈമാറി കിട്ടിയ കുലത്തൊഴിൽ ഉപേക്ഷിക്കാൻ തയ്യാറല്ല. കുട്ടികൾക്ക് അറിവ് പകർന്ന് നൽകുന്നതോടൊപ്പം, കൃഷിപ്പണിക്കുള്ള ആയുധങ്ങൾ നിർമിച്ച് നൽകാൻ അദ്ദേഹം തന്റെ ആലയിലെത്തും.

പിതാവിന്റെ തൊഴിൽ കണ്ടുവളർന്ന കരുനാഗപ്പള്ളി തൊടിയൂരിൽ ലക്ഷ്മിവിലാസം വീട്ടിൽ രഖുത്തമൻ കരുനാഗപ്പള്ളി ബോയ്സ് സ്കൂളിലെ ഹിന്ദി അധ്യാപകനാണ്. വൈകുന്നേരം സ്കൂളിൽ നിന്നെത്തിയാൽ മാഷ് വീടിനോട് ചേർന്നുള്ള ആലയിൽ കയറും. തൂമ്പ, കോടാലി, മൺവെട്ടി, കൊയ്ത്തരിവാൾ എന്നിവയെല്ലാം ആവശ്യക്കാർക്ക് നിർമിച്ച് നൽകും.

ആലയിൽ നിന്ന് മാത്രമായി 15,000 രൂപ സമ്പാദ്യമുണ്ട്. കർഷക പാരമ്പര്യമുള്ള മാഷ്, പശു വളർത്തലിനോടൊപ്പം, വീട്ടിൽ മഞ്ഞൾ, മരച്ചീനി, വാഴ എന്നിവയും കൃഷി ചെയ്യുന്നു. ആലയിൽ പണിയെടുക്കുന്നത് ഒരിക്കലും ഒരു കുറച്ചിലായി തോന്നിയിട്ടേയില്ലെന്ന് അദ്ദേഹം പറയുന്നു. സ്കൂളിൽ നിന്ന് വിരമിച്ച ശേഷം ആലയിൽ തന്നെ സജീവമാകും. ചെയ്യുന്ന ജോലി എന്തായാലും അത് ആത്മാർത്ഥതയോടെ ഹൃദയത്തിൽ നിന്നും ചെയ്യണമെന്ന് ഓർമിപ്പിക്കുകയാണ് രഖുത്തമൻ മാഷ്.