ഉപജീവനത്തിനായി ആക്രികച്ചവടം; ഫുട്ബോൾ ആവേശം കാണാൻ മുൻ താരം ഖത്തറിൽ
കോഴിക്കോട്: ഉപജീവനത്തിനായി ആക്രികച്ചവടം നടത്തിയിരുന്ന മുൻ ഫുട്ബോൾ താരം ഇപ്പോൾ ഖത്തറിലാണ്. ഇത്തവണത്തെ ഫുട്ബോൾ ലോകകപ്പ് കാണുന്നതിനായാണ് അബ്ദുൾ റഹ്മാൻ ഖത്തറിലേക്ക് പറന്നത്. ഫുട്ബോൾ അദ്ദേഹത്തിന് ജീവശ്വാസമാണ്. ചങ്ങനാശ്ശേരിയിലെ മൈതാനങ്ങളിൽ ബൂട്ട് കെട്ടി പോരാടിയിരുന്ന അദ്ദേഹം കേരള ടീം രണ്ട് തവണ സന്തോഷ് ട്രോഫി ഉയർത്തിയപ്പോഴും, കൊച്ചി എഫ്സി ഡ്യൂറന്റ് കപ്പ് നേടിയപ്പോഴും കിറ്റ് മാനായും, ഫിസിയോയായും മൈതാനത്തുണ്ടായിരുന്നു.
കേരളത്തിലെ ഫുട്ബോൾ ആരാധകർക്കിടയിൽ മാർതാപ്പ എന്നറിയപ്പെടുന്ന അബ്ദുൾ റഹ്മാൻ തന്റെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹം സഫലമായതിന്റെ സന്തോഷത്തിലാണ്.ചങ്ങനാശ്ശേരി പുതൂർപ്പള്ളി ആലയിൽ പുത്തൻപറമ്പിൽ പരീതിന്റെ മകനായ അദ്ദേഹം ചങ്ങനാശ്ശേരി എൻഎസ്എസ് സ്പോർട്സ് ക്ലബിന്റെ ഗോൾകീപ്പറായാണ് ഫുട്ബോളിൽ അരങ്ങേറുന്നത്. പരിക്കുകൾ തളർത്തിയതോടെ ടീം ഫിസിയോയുടെ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടി വന്നു.
1992ലും 1993 ലും കേരളം സന്തോഷ് ട്രോഫി നേടുമ്പോൾ ഇതിഹാസ താരമായിരുന്ന വി.പി സത്യന്റെ നിഴലായും അബ്ദുൾ റഹ്മാനുണ്ടായിരുന്നു. എഫ്സി കൊച്ചിൻ എന്ന ടീം രൂപീകരിച്ചത് മുതലുള്ള അദ്ദേഹത്തിന്റെ അധ്വാനവും എടുത്തു പറയേണ്ടിയിരിക്കുന്നു. അതിന് ശേഷമാണ് അബ്ദുൾ റഹ്മാൻ പയ്യന്നൂരിലേക്ക് താമസം മാറിയത്.