ലോകം ഇനി സാക്ഷ്യം വഹിക്കാൻ പോകുന്നത് ഏറ്റവും വലിയ ആഗോള ഊർജ്ജ പ്രതിസന്ധിക്ക്

കോവിഡിനു ശേഷം ലോകമെമ്പാടും പ്രഹരിക്കാൻ ശേഷിയുള്ള മറ്റൊരു പ്രശ്നമായി മാറുകയാണ് ആഗോള ഊർജ്ജ പ്രതിസന്ധി. 2020 ൽ ആരംഭിച്ച ഊർജ്ജ പ്രതിസന്ധി രണ്ട് വർഷത്തിന് ശേഷവും അതിവേഗം വ്യാപനം തുടരുകയാണ്.

നിലവിലെ രാഷ്ട്രീയവും നയതന്ത്രപരവുമായ സാഹചര്യങ്ങൾ തുടരുകയാണെങ്കിൽ, 2023 ലോകത്തിനു സമാനതകളില്ലാത്ത ഊർജ്ജ പ്രതിസന്ധിയാകും ഉണ്ടാവുക. ഊർജ്ജപ്രതിസന്ധി ലോകത്തിനാവശ്യമായ ഊർജ്ജത്തിന്‍റെ ദാരിദ്ര്യം കൊണ്ടല്ല, മറിച്ച് ദശകങ്ങളായി ലോകമെമ്പാടും സുസ്ഥിരമായി നിലനിൽക്കുന്ന ഉൽപാദന, വിതരണ ശൃംഖലകളിൽ സംഭവിച്ച ഗുരുതരമായ തടസ്സങ്ങൾ മൂലമാണ്. കോവിഡ് മൂലമുണ്ടായ ഡിമാൻഡ് ആൻഡ് സപ്ലൈ പ്രതിസന്ധിയാണ് ലോകത്തെ ആദ്യം അതിലേക്ക് നയിച്ചത്. എന്നാൽ തുടർന്നുണ്ടായ യുക്രെയ്ൻ-റഷ്യൻ യുദ്ധം ലോകത്തിന്‍റെ ഊർജ്ജ സമവാക്യങ്ങളെ തകർത്തു. തൽഫലമായി, ഇന്ധന വില എക്കാലത്തെയും ഉയർന്ന നിരക്കിലേക്ക് ഉയർന്നു. റഷ്യൻ ക്രൂഡ് ഓയിലിനും ഗ്യാസിനും വില നിയന്ത്രണം ഏർപ്പെടുത്താനുള്ള ജി-7 രാജ്യങ്ങളുടെയും യൂറോപ്യൻ യൂണിയന്‍റെയും നീക്കം ഇതിനകം ആഗോള ക്രൂഡ് ഓയിൽ വിപണികളെ ചൂടുപിടിപ്പിച്ചു തുടങ്ങിയിട്ടുണ്ട്. വരും ദിവസങ്ങളിൽ ഇന്ധന വില പുതിയ റെക്കോർഡുകൾ സൃഷ്ടിച്ചേക്കും.