‘ഇതിലും വലിയ പ്രചോദനമില്ല’; അർബുദത്തെ തോൽപ്പിച്ച് നാരായണൻ ഉണ്ണി ഓടി

പാലാ: കാൻസർ പരാജയപ്പെട്ടു, ഈ മനുഷ്യന്‍റെ നിശ്ചയദാർഢ്യത്തിന് മുന്നിൽ. അർബുദത്തിന്‍റെ വേദനകൾ വലിച്ചെറിഞ്ഞ് നാരായണൻ ഉണ്ണി പാലായിലെ വീഥികളിലൂടെ ഓടി. അഞ്ചുകിലോമീറ്റർ മാരത്തൺ പൂർത്തിയാക്കിയ ഈ മനുഷ്യനെ കണ്ടവർ പറഞ്ഞത് ഇതിനേക്കാൾ വലിയ പ്രചോദനമില്ലെന്നാണ്. രാജ്യത്തിന്‍റെ സ്വാതന്ത്ര്യത്തിന്‍റെ 75-ാം വാർഷികാഘോഷ വേളയിൽ സമൂഹത്തിന് ഇതിൽ കൂടുതൽ എന്ത് ആവേശമാണ് നൽകേണ്ടതെന്ന് മാരത്തണിന്‍റെ സംഘാടകരും ചോദിച്ചു.

ആലുവ വെസ്റ്റിലെ കടുങ്ങല്ലൂർ കൃഷ്ണകൃപയിൽ നാരായണൻ ഉണ്ണി ആർമിയിൽ ജൂനിയർ കമ്മിഷൻഡ് ഓഫീസറായിരുന്നു. ഒരു വർഷം മുമ്പാണ് അദ്ദേഹത്തിന് പ്രോസ്റ്റേറ്റ് കാൻസർ സ്ഥിരീകരിച്ചത്. ജനുവരിയിലാണ് ശസ്ത്രക്രിയ നടത്തിയത്. ഏറെ നാൾ വിശ്രമിച്ചു. 30 തവണ റേഡിയേഷൻ നടത്തി. മുമ്പ്‌ അദ്ദേഹം പതിവായി മാരത്തണുകളിൽ പങ്കെടുത്തിരുന്നു. അതിനാൽ വീണ്ടും ട്രാക്കിലേക്ക് മടങ്ങാൻ തീരുമാനിക്കുകയായിരുന്നു. ആദ്യം പതുക്കെ നടന്ന് തുടങ്ങി. പിന്നെ അൽപ്പാൽപ്പമായി ഓടി.

ഇതിനിടയിലാണ് പാലായിലെ മാരത്തൺ മത്സരത്തെക്കുറിച്ച് കേട്ടത്. ചികിത്സ നടത്തിയ എറണാകുളം അമൃത ആശുപത്രിയിലെ ഡോക്ടറോട് മാരത്തണിൽ പങ്കെടുക്കാൻ അനുവാദം തേടി. മനസ്സിന് കരുത്തുണ്ടെങ്കിൽ പങ്കെടുത്തുകൊള്ളാൻ ഡോക്ടർ‌ പറഞ്ഞു. വെള്ളിയാഴ്ചയാണ് അദ്ദേഹം പാലായിലെത്തിയത്. ശനിയാഴ്ച രാവിലെ മത്സരത്തിൽ പങ്കെടുത്തു.