ഈ പക്ഷികുഞ്ഞുങ്ങൾക്ക് ആശ്വസിക്കാം; ഇവർക്കായി വികസനം കാത്തുനിൽക്കും

കാസർകോട്: ദേശീയപാതാ വികസനത്തിന്‍റെ ഭാഗമായി നീക്കം ചെയ്യേണ്ട മരം പറവകൾ ചിറകുവിടർത്തുന്നതുവരെ മുറിക്കില്ല. ദേശീയപാത 66 വികസനത്തിന്‍റെ രണ്ടാം റീച്ചായ ചെർക്കള-നീലേശ്വരം സെക്ഷനിൽ മേൽപ്പാലം നിർമിക്കുന്ന ചെർക്കള ജംഗ്ഷനിലെ മരം മുറിക്കുന്നത് തൽക്കാലം നിർത്തിവയ്ക്കാൻ നിർമാണം ഏറ്റെടുത്ത മേഘ കൺസ്ട്രക്ഷൻസ് തീരുമാനിച്ചു.

ദേശീയപാതാ വികസനത്തിന്‍റെ ഭാഗമായി വൈദ്യുതത്തൂണുകൾ മാറ്റിസ്ഥാപിക്കാനാണ് മരങ്ങൾ മുറിക്കാൻ തീരുമാനിച്ചത്. മുറിക്കാനൊരുങ്ങവേയാണ് അതിൽ നീർക്കാക്കകളുടെയും കൊറ്റികളുടെയും കാക്കകളുടെയും കൂടുകൾ ശ്രദ്ധയിൽപ്പെട്ടത്. ചില കൂടുകളിലെ കുഞ്ഞുങ്ങൾക്ക് പറക്കാനുള്ള പ്രായമായിട്ടില്ലെന്നും കരാറുകാർ ശ്രദ്ധിച്ചു. വനംവകുപ്പ് ഉദ്യോഗസ്ഥരും പക്ഷിനിരീക്ഷകരും സ്ഥലത്തെത്തി കുഞ്ഞുങ്ങളുടെ വളർച്ച നിരീക്ഷിച്ചു. ഇതേതുടർന്ന് പറക്കാൻ കഴിയുന്നതുവരെ മരങ്ങൾ മുറിക്കാതിരിക്കാൻ കരാറുകാരോട് ആവശ്യപ്പെട്ടു. 25 ദിവസം കാത്തിരിക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. അതിനുശേഷം പൂർണ്ണ വളർച്ച കൈവരിച്ചിട്ടുണ്ടോ എന്ന് പരിശോധിച്ച ശേഷം മരം മുറിക്കാൻ അനുമതി നൽകും.

മലപ്പുറത്ത് ദേശീയപാത വികസനത്തിന്‍റെ ഭാഗമായി മുറിച്ചുമാറ്റിയ മരത്തിൽ നിന്ന് ചിറകുകൾ മുളയ്ക്കാത്തതുൾപ്പെടെയുള്ള പക്ഷിക്കുഞ്ഞുങ്ങൾ മരിച്ചത് വിവാദമായിരുന്നു. സംഭവത്തിൽ കുറ്റക്കാർക്കെതിരെ വനംവകുപ്പും കേസെടുത്തിരുന്നു. ഈ സാഹചര്യത്തിലാണ് കരാർ കമ്പനി വനംവകുപ്പുമായി ബന്ധപ്പെട്ടത്.