ഇടിയും മഴയും ഇനി ദർശനെ ഭയപ്പെടുത്തില്ല; വീടെന്ന സ്വപ്നം പൂവണിഞ്ഞു

ഇടുക്കി: സ്വപ്ന സാക്ഷാത്കാരത്തിന്റെ നിറവിലാണ് ദർശനും കുടുംബവും. മൂന്നാം ക്ലാസ് വിദ്യാർത്ഥിയായ ദർശൻ, അവന്‍റെ അമ്മ, ചെറിയ സഹോദരി, മുത്തച്ഛൻ എന്നിവർക്ക് ഇപ്പോൾ അവരുടെ പുതിയ വീട്ടിൽ കനത്ത മഴയെ പേടിക്കാതെ ഉറങ്ങാം.

ഇടുക്കി ജില്ലയിലെ വണ്ടിപ്പെരിയാറിലെ വള്ളക്കടവിൽ വനത്തിനോട് ചേർന്നുള്ള ഏത് നിമിഷവും തകർന്നെക്കാവുന്ന ഷെഡിലാണ് ദർശനും സഹോദരി ദക്ഷിണയും അമ്മ വിനുവും രോഗിയായ പിതാവും താമസിച്ചിരുന്നത്. വന്യമൃഗശല്യവും ഇവിടെ രൂക്ഷമായിരുന്നു. കുടുംബനാഥനായ ദർശന്‍റെ അച്ഛൻ കാളിദാസന്‍റെ ശവസംസ്കാരച്ചടങ്ങിന് അധ്യാപകരെത്തിയപ്പോഴാണ് വീടിന്റെ ദുരവസ്ഥ വ്യക്തമാകുന്നത്. പിന്നീട് മാധ്യമങ്ങളിലൂടെ കുടുംബാവസ്ഥ പുറം ലോകത്തേക്കുമെത്തി.

ഇതോടെയാണ് നല്ല മനസ്സിനുടമകൾ സഹായഹസ്തവുമായെത്തുന്നത്. വഞ്ചിവയൽ സ്കൂളിലെ പി.ടി.എയാണ് വീടിന്റെ നിർമ്മാണം ഏറ്റെടുത്തത്. രണ്ട് മുറികളും ഒരു ഹാളും അടുക്കളയും ശൗചാലയവുമുള്ള വീട് 10 ലക്ഷം രൂപ ചെലവഴിച്ചാണ് നിർമ്മിച്ചത്. വീടിന് മുന്നിൽ സംരക്ഷണഭിത്തി നിർമിക്കുന്നതുൾപ്പെടെയുള്ള ജോലികൾ അടുത്ത ദിവസം പൂർത്തിയാകും. വഞ്ചിവയൽ സ്കൂളിൽ നടന്ന ചടങ്ങിൽ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി വീടിന്‍റെ താക്കോൽ വിനുവിനും മക്കൾക്കും കൈമാറി. മഴയെയും വന്യമൃഗങ്ങളെയും ഭയക്കാതെ ഈ കുടുംബത്തിന് ഇനി മുതൽ അന്തിയുറങ്ങാം.