കൊല്ലപ്പെട്ട സഹോദരിയുടെ കുഞ്ഞുങ്ങളെയും സംരക്ഷിച്ച് കടുവ

മധ്യപ്രദേശ്: സ്വന്തം കുഞ്ഞുങ്ങൾക്കൊപ്പം കൊല്ലപ്പെട്ട തന്‍റെ സഹോദരിയുടെ കുഞ്ഞുങ്ങളെ സംരക്ഷിക്കുന്ന കടുവയുടെ ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. മധ്യപ്രദേശിലെ സിദ്ധി ജില്ലയിലെ സഞ്ജയ് ധുബ്രി കടുവാ സങ്കേതത്തിൽ നിന്നുളളതാണ് ഈ അപൂർവ കാഴ്ച. ടി 28 എന്നറിയപ്പെടുന്ന കടുവയാണ് സഹോദരിയുടെ കുഞ്ഞുങ്ങളുടെയും പരിപാലനം ഏറ്റെടുത്തിരിക്കുന്നത്. തന്റെ നാല് കുഞ്ഞുങ്ങൾക്കൊപ്പമാണ് ടി28 ഈ മൂന്നു കുഞ്ഞുങ്ങളെയും നോക്കുന്നത്.

മാർച്ച് 16 നാണ് ട്രെയിനിടിച്ച് കുഞ്ഞുങ്ങളുടെ അമ്മയായ ടി 18ന് ജീവൻ നഷ്ടമായത്. അന്ന് കുഞ്ഞുങ്ങൾക്ക് 9 മാസം മാത്രമായിരുന്നു പ്രായം. സംരക്ഷിക്കാൻ ആരുമില്ലാതെ വന്നതോടെ, കുഞ്ഞുങ്ങളിൽ ഒന്നിനെ മുതിർന്ന കടുവ കൊന്നു. കുഞ്ഞുങ്ങളുടെ ജീവൻ അപകടത്തിലാണെന്ന് തിരിച്ചറിഞ്ഞതോടെയാണ് ടി 28 സഹോദരിയുടെ മക്കളെക്കൂടി സംരക്ഷിക്കാൻ തുടങ്ങിയത്. കടുവകൾക്കിടയിൽ ഇത്തരമൊരു കാഴ്ച അസാധാരണമാണ്.

7 കുഞ്ഞുങ്ങളെ പരിപാലിക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ലെങ്കിലും, അവയുടെ സുരക്ഷയുടെ കാര്യത്തിൽ
ഒരു വിട്ടുവീഴ്ചയും ചെയ്യാൻ ടി 28 തയ്യാറല്ല. വേട്ടയാടി ഭക്ഷണം നൽകുന്നതിന്റെയും വേട്ടയാടാൻ പരിശീലനം നൽകുന്നതിന്റെയും കാട്ടിൽ അതിജീവിക്കാൻ കുഞ്ഞുങ്ങളെ പ്രാപ്തരാക്കുന്നതിന്റെയും തിരക്കിലാണ് ഇപ്പോൾ ടി28. ഏഴ് കുഞ്ഞുങ്ങളും കൂടി വേട്ടയാടിയ കാട്ടുപോത്തിനെ ഭക്ഷിക്കുന്നതിന്റെയും തടാകത്തിന്‍റെ തീരത്ത് വിശ്രമിക്കുന്നതിന്റെയും ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. ഐഎഫ്എസ് ഉദ്യോഗസ്ഥയായ സുശാന്ത നന്ദയാണ് മനോഹരമായ ഈ ചിത്രം ട്വിറ്ററിലൂടെ പങ്കുവച്ചത്.