ബസ് കാത്തിരുന്നു മടുത്തോ ഒരു പുസ്തകം വായിക്കാം;വായനയെ ജനകീയമാക്കി വിദ്യാർത്ഥികൾ
പള്ളിക്കത്തോട്: ബസ് കാത്ത് നിൽക്കുകയാണോ?വരാൻ ഇനിയും സമയമുണ്ട്. അത് വരെ നമുക്കൊരു പുസ്തകം വായിക്കാം. ആനിക്കാട് കൊമ്പാറ കൂട്ടമാക്കൽ സെന്റ് ആന്റണീസ് എൽ.പി.സ്കൂളിലെ അധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് വായനയെ കൂടുതൽ ജനകീയമാക്കുന്നതിനായാണ് ബസ് സ്റ്റോപ്പിൽ തുറന്ന ലൈബ്രറി ഒരുക്കിയിരിക്കുന്നത്.
ഇളപ്പുങ്കലിൽ ഗ്രാമപഞ്ചായത്തിലെ മന്ദിരംമുക്കാലി റോഡിലുള്ള ബസ് സ്റ്റോപ്പിലെത്തുന്നവർക്ക്, ബസ് കാത്തുനിൽക്കുന്നതിന്റെ വിരക്തി ഒഴിവാക്കാൻ സമീപത്തുള്ള കുട്ടയിൽ നിന്ന് ഇഷ്ടമുള്ള പുസ്തകങ്ങളെടുത്ത് വായിക്കാം. പുസ്തകങ്ങളുടെ വിവരങ്ങൾ എഴുതി രേഖപ്പെടുത്തി വെച്ചിരിക്കുന്നതോടൊപ്പം, അഭിപ്രായങ്ങൾ രേഖപ്പെടുത്താനുള്ള സൗകര്യവുമൊരുക്കിയിരിക്കുന്നു.
ഓരോ മാസവും 20 പുസ്തകങ്ങളാണ് വായനക്കായി ബസ് സ്റ്റോപ്പിൽ വക്കുന്നത്. ശാസ്ത്രപുസ്തകങ്ങൾ, കഥകൾ എന്നിവയെല്ലാം ലഭ്യമാണ്. പുതിയ ബുക്കുകൾ ഓരോ മാസവും വായനക്കായി വെക്കുന്നതിലും ശ്രദ്ധ പുലർത്തുന്നു.