ഉന്തുവണ്ടിയിൽ ശബരിമലയിലേക്ക്; ശക്തിവേലും മകനും പിന്നിട്ടത് 500 കിലോമീറ്റർ

തെന്മല: ശക്തിവേലിന്‍റെയും മകൻ പാണ്ഡിയുടെയും ശബരിമല യാത്ര ഏവരെയും അത്ഭുതപ്പെടുത്തും. ഉന്തുവണ്ടിയിൽ 13 വയസ്സുള്ള മകനുമൊത്തുള്ള 55കാരനായ ശക്തിവേലിന്റെ യാത്രയിൽ മഴയും, വെയിലുമൊന്നും തടസ്സമാകുന്നതേയില്ല. മുച്ചക്ര വാഹനത്തിൽ തമിഴ്നാട് പുതുക്കോട്ട ജില്ലയിലെ തഞ്ചാവൂരിൽ നിന്ന് അഞ്ഞൂറോളം കിലോമീറ്ററാണ് അവർ സഞ്ചരിക്കുന്നത്.

19 ദിവസത്തെ യാത്രയ്ക്ക് ശേഷം ഇരുവരും കഴിഞ്ഞ ദിവസം ഒറ്റക്കല്ലിൽ എത്തി. മൂന്ന് ദിവസത്തിനുള്ളിൽ പമ്പയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. കാലാവസ്ഥ അനുകൂലമാണെങ്കിൽ, ഒരു ദിവസം 40 കിലോമീറ്റർ പിന്നിടാനാകുമെന്ന് ഇവർ പറയുന്നു. കേരളത്തിലേക്ക് കടന്നപ്പോൾ തിരക്ക് മൂലം രാത്രി യാത്ര ഒഴിവാക്കി.

39 വർഷമായി ശക്തിവേൽ ശബരിമലയാത്ര നടത്തുന്നുണ്ട്. മകൻ പാണ്ഡി അച്ഛനോടൊപ്പം യാത്ര ആരംഭിച്ചിട്ട് എട്ട് വർഷവും പിന്നിടുന്നു. ആഹാരം പാകം ചെയ്യുന്ന വസ്തുക്കളോടൊപ്പം വസ്ത്രങ്ങളും ഉന്തുവണ്ടിയിൽ കരുതിയിട്ടുണ്ട്. ക്ഷേത്രങ്ങളിൽ നിന്ന് ലഭിക്കുന്ന അന്നദാനവും, സുമനസ്സുകൾ നൽകുന്ന ഭക്ഷണവും സ്വീകരിച്ചാണ് യാത്ര.