സുഹൃത്തുക്കൾ നിർബന്ധിച്ചപ്പോൾ ലോട്ടറി എടുത്തു; ജാക്ക്പോട്ട് നേടി ലോറി ജെയ്ൻ

ലോട്ടറി എടുക്കാൻ ഒരു താല്പര്യവുമില്ലാത്ത വ്യക്തി ഒരു ഭാഗ്യ പരീക്ഷണത്തിന് മുതിർന്ന് കോടികൾ സമ്മാനമായി നേടുന്നു. ഭാഗ്യശാലി എന്നല്ലാതെ അവർക്ക് മറ്റ് വിശേഷണങ്ങളില്ല. ഒരു പാർട്ടി ആഘോഷത്തിനിടക്ക് അമേരിക്കൻ യുവതിക്കാണ് ഇത്തരമൊരു ഭാഗ്യം വന്നുചേർന്നിരിക്കുന്നത്.

യു.എസിലെ ലൂയിസ് വില്ലെ സ്വദേശിനിയായ ലോറി ജെയ്ൻ എന്ന യുവതിയുടെ ജീവിതം ഒറ്റരാത്രി കൊണ്ട് മാറി മറിഞ്ഞിരിക്കുകയാണ്. കെന്റക്കി എന്ന സ്ക്രാച്ച് കാർഡ് ലോട്ടറിയാണ് ജെയ്ൻ എടുത്തത്. സുഹൃത്തുക്കൾക്കൊപ്പം ഹോളിഡേ പാർട്ടി ആഘോഷത്തിലായിരുന്നു അവർ. ജെയ്നിന്റെ സുഹൃത്തിന് ടിജെ മാക്സ് എന്ന ലോട്ടറിയിലൂടെ 25 ഡോളറിന്റെ ഗിഫ്റ്റ് കാർഡ് ലഭിച്ചിരുന്നു. ഇതാണ് ലോട്ടറി എടുക്കാൻ സുഹൃത്തുക്കൾ ജെയ്നിനെ നിർബന്ധിക്കാൻ കാരണം.

വൈറ്റ് എലഫന്റ് ഗിഫ്റ്റ് എക്സ്ചേഞ്ചിൽ നിന്നും ലോട്ടറി എടുത്തു. ആദ്യത്തെ സ്ക്രാച്ചിലൂടെ 50 ഡോളറാണ് ലഭിച്ചത്. ഈ തുക ഉപയോഗിച്ച് വീണ്ടും ലോട്ടറി എടുത്തപ്പോൾ കിട്ടിയത് ജാക്ക്പോട്ട് തുകയായ ഒന്നര കോടി രൂപ. അത്ഭുതം വിട്ട് മാറാത്തതിനാൽ ടിക്കറ്റ് പരിശോധിച്ചു. പിന്നീട് ടിക്കറ്റ് ആപ്പിൽ നോക്കി ഉറപ്പുവരുത്തി. മകളുടെ പഠനത്തിനും, കാർ വാങ്ങുന്നതിനും എടുത്ത വായ്പ തിരിച്ചടക്കാൻ ഈ തുക ഉപകാരപ്പെടുമെന്ന് ജെയ്ൻ പറഞ്ഞു.