പ്രശ്നക്കാരെ പൂട്ടിയിടണം; പെൺകുട്ടികൾക്കു മാത്രം നിയന്ത്രണമെന്തിനെന്ന് ഹൈക്കോടതി

കൊച്ചി: കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ലേഡീസ് ഹോസ്റ്റലിലെ സമയക്രമവുമായി ബന്ധപ്പെട്ട കേസിൽ രാത്രികാല നിയന്ത്രണങ്ങൾക്കെതിരെ രൂക്ഷവിമർശനവുമായി ഹൈക്കോടതി. ഹോസ്റ്റലുകളിൽ പെൺകുട്ടികളെ മാത്രം എന്തിന് നിയന്ത്രിക്കണമെന്ന് ചോദിച്ച കോടതി, പ്രശ്നക്കാരായ പുരുഷൻമാരെ പൂട്ടിയിടുകയാണ് വേണ്ടത് എന്നും നിർദ്ദേശിച്ചു. എന്തുകൊണ്ടാണ് പെൺകുട്ടികൾക്ക് മാത്രം നിയന്ത്രണം ഏർപ്പെടുത്തിയതെന്നും പുരുഷൻമാർക്കെതിരെ കർഫ്യൂ ഏർപ്പെടുത്തി സ്ത്രീകളെ അനുവദിക്കാത്തത് എന്തുകൊണ്ടാണെന്നും കോടതി ചോദിച്ചു. ആൺകുട്ടികൾക്കില്ലാത്ത നിയന്ത്രണം പെൺകുട്ടികൾക്ക് എന്തിനാണ്, പെൺകുട്ടികളെ എത്രകാലം പൂട്ടിയിടുമെന്നും കോടതി ചോദിച്ചു.

അതേസമയം, രക്ഷിതാക്കളുടെ അഭ്യർത്ഥനയുടെ അടിസ്ഥാനത്തിലാണ് നിയന്ത്രണം ഏർപ്പെടുത്തിയതെന്ന് സർക്കാർ അവകാശപ്പെട്ടു. നിയന്ത്രണങ്ങളില്ലാത്ത ഹോസ്റ്റലുകളുണ്ടെന്ന് ചൂണ്ടിക്കാണിച്ച കോടതി അവിടെ കുട്ടികൾക്ക് രക്ഷിതാക്കൾ ഇല്ലേയെന്നും ചോദിച്ചു. ജസ്റ്റിസ് ദേവൻ രാമചന്ദ്രനാണ് കേസ് പരിഗണിക്കുന്നത്.

വനിതാ ഹോസ്റ്റലിലെ രാത്രികാല നിയന്ത്രണങ്ങൾക്കെതിരെ കോഴിക്കോട് മെഡിക്കൽ കോളേജിലെ ഒരു കൂട്ടം വിദ്യാർത്ഥികൾ ഹൈക്കോടതിയെ സമീപിച്ചിരുന്നു. കഴിഞ്ഞയാഴ്ച കേസ് പരിഗണിച്ച കോടതി സമയ നിയന്ത്രണത്തിന്‍റെ കാരണം വിശദീകരിക്കാൻ സർക്കാരിന് നിർദ്ദേശം നൽകിയിരുന്നു. രാത്രി 9.30ന് മുമ്പ് പെൺകുട്ടികൾ ഹോസ്റ്റലിൽ പ്രവേശിപ്പിക്കണമെന്ന നിബന്ധനയ്ക്കെതിരെയാണ് ഹർജി.