രണ്ടരവയസ്സുകാരിക്ക് പുതുജീവനേകി ഇരട്ടസഹോദരങ്ങളുടെ ധീരത;അഭിനന്ദിച്ച് നാട്ടുകാർ

ഓച്ചിറ: ഇരട്ടസഹോദരങ്ങളുടെ ധീരതയിലൂടെ രണ്ടര വയസ്സുകാരിക്ക് പുനർജന്മം. ഓച്ചിറ മേമന പുത്തൻതറ എസ്.എസ് മൻസിലിൽ സവാദിന്‍റെയും ഷംനയുടെയും ഇരട്ടകുട്ടികളായ സിയാനും,ഫിനാനുമാണ് മാതൃസഹോദരിപുത്രി സഫ്നമോൾ കുളത്തിൽ വീണപ്പോൾ രക്ഷകരായെത്തിയത്.

സൈക്കിളിൽ കളിച്ചുകൊണ്ടിരുന്ന സഫ്ന കാൽവഴുതി വീടിനടുത്തുള്ള ആഴമേറിയ കുളത്തിൽ വീഴുകയായിരുന്നു. കൃത്യസമയത്ത് അരികിൽ കളിച്ചുകൊണ്ടിരുന്ന കുട്ടികൾ ഓടിയെത്തി സഫ്നയുടെ കൈയും മുടിയും പിടിച്ച് കരയിലേക്കടുപ്പിച്ചു. കുട്ടിയുടെ ദേഹത്ത് വെള്ളവും, പായലും ശ്രദ്ധയിൽപെട്ടതോടെയാണ് വീട്ടുകാർ വിവരമറിഞ്ഞത്.

മേമന വല്യത്ത് എൽ.പി.സ്കൂളിലെ എൽ.കെ.ജി.വിദ്യാർത്ഥികളാണ് സിയാനും, ഫിനാനും. ഗ്രാമപ്പഞ്ചായത്തംഗം ലത്തീഫ ബീവി, മെഹർഖാൻ ചെന്നല്ലൂർ, അധ്യാപകരായ നിഷ, ലൈല, ബിന്ദു തുടങ്ങിയവർ കുട്ടികളെ അനുമോദിച്ചു.