ഉണ്ണികൃഷ്ണനും രാധക്കും വീടായി; ക്രിസ്മസ് സമ്മാനം നൽകി വിദ്യാർത്ഥികൾ

റെയിൽവേ സ്റ്റേഷനിൽ അന്തിയുറങ്ങിയിരുന്ന ഉണ്ണികൃഷ്ണന്റെയും, ഭാര്യ രാധയുടേയും വാർത്ത ജനങ്ങൾ അറിഞ്ഞതോടെ ദമ്പതികളെ തേടി സഹായ പ്രവാഹം. മൂന്ന് മാസത്തോളമായി റെയിൽവേ സ്റ്റേഷനിലാണ് ഇരുവരുടെയും താമസം. വിദേശത്തും, സ്വദേശത്തുമുള്ള നിരവധി സുമനസ്സുകളാണ് സഹായവുമായി എത്തിയിരിക്കുന്നത്.

കൊട്ടിയത്തെ ഡോൺ ബോസ്കോ കോളേജ് ആണ് ലൈഫ് മിഷൻ പദ്ധതി വഴി അനുവദിച്ചിരുന്ന വീടിന്റെ ബാക്കിയുള്ള തുക നൽകാമെന്നറിയിച്ചിരിക്കുന്നത്. ‘കണ്ണീരിന് ഒരു കൈ’ എന്ന ജീവകാരുണ്യ സംഘടനയിലൂടെ വസ്ത്രങ്ങൾ, വീട്ടുപകരണങ്ങൾ എന്നിവ വാങ്ങുന്നതിനും കുടിശിക തീർക്കുന്നതിനും വിദ്യാർത്ഥികൾ സമാഹരിച്ച പണം കോളേജ് പ്രിൻസിപ്പൽ ഡോ.വൈ. ജോയി കൈമാറി. വിദ്യാർത്ഥികൾ ദമ്പതികൾക്ക് നൽകുന്ന ക്രിസ്മസ് സമ്മാനമാണിതെന്നും അദ്ദേഹം പറഞ്ഞു.

ലൈഫ് മിഷൻ പദ്ധതിയിൽ ഉണ്ടെങ്കിലും ബാക്കി തുക കണ്ടെത്താനാകാതെ വിഷമിക്കുകയായിരുന്നു അവർ. കുടിശിക തീർത്ത് കുണ്ടറക്കടുത്ത് കച്ചേരിമുക്കിലെ വാടക വീട്ടിലേക്ക് ഇവർ ഉടനേ താമസം മാറും. വാടകയ്ക്കുള്ള തുകയും വിദ്യാർത്ഥികൾ സ്വരൂപിച്ച് നൽകിയിരുന്നു. ഉടനേ ജോലിക്ക് പോകാനുള്ള ഒരുക്കത്തിലാണ് ഉണ്ണികൃഷ്ണൻ. കോളേജിന്റെ എല്ലാ സഹകരണവും ഭവനനിർമ്മാണത്തിൽ ഉണ്ടാവുമെന്ന് കോളേജ് മേധാവി ഫാ.ഡോ. ബോബി ജോൺ അറിയിച്ചു.