ഒഴിവുകള്‍ വകുപ്പ് മേധാവി റിപ്പോര്‍ട്ട് ചെയ്യണ്ട, പി എസ് സിക്ക് സ്വയമറിയാന്‍ സോഫ്റ്റ്‌വെയര്‍ ഒരുക്കുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: വിവിധ സർക്കാർ വകുപ്പുകളിലെ ഒഴിവുകൾ അതത് വകുപ്പ് മേധാവികൾക്ക് റിപ്പോർട്ട് ചെയ്യുന്നതിന് പകരം ഒഴിവുകൾ പി.എസ്.സിക്ക് സ്വമേധയാ അറിയാൻ കഴിയുന്ന സോഫ്റ്റ്‌വെയർ സംവിധാനം ഏർപ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു.

ജോലിയിൽ പ്രവേശിച്ചാലുടൻ വിരമിക്കൽ തീയതി അറിയാം. ഇതനുസരിച്ച് റിപ്പോർട്ട് ചെയ്തില്ലെങ്കിൽ പോലും ഒഴിവുകൾ പി.എസ്.സിക്ക് അറിയാൻ കഴിയുന്ന സംവിധാനമാണ് വരുന്നത്. ഇതിനായി നടപടി സ്വീകരിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്നും ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്നതിൽ പരിഭ്രാന്തരാകേണ്ടതില്ലെന്നും മുഖ്യമന്ത്രി മറുപടി നൽകി.

പൊതുവേ യോഗ്യതയുള്ള തസ്തികകളിലേക്ക് പ്രിലിമിനറി പരീക്ഷ നടത്തുന്നത് ഉദ്യോഗാർഥികൾക്ക് അവസരം നഷ്ടപ്പെടുത്തില്ല. റാങ്ക് ലിസ്റ്റുകളും സമയബന്ധിതമായി തയ്യാറാക്കാം. പരാതികളില്ലാതെ ഇത് രണ്ട് തവണ പി.എസ്.സി വിജയകരമായി നടത്തിയെന്നും മുഖ്യമന്ത്രി പറഞ്ഞു.