ഹയർസെക്കൻഡറി വിദ്യാർഥിനികൾക്ക് സെർവിക്കൽ കാൻസർ വാക്സിനേഷൻ നൽകാൻ തീരുമാനം

കണ്ണൂർ: സംസ്ഥാനത്ത് ഹയർസെക്കൻഡറി വിദ്യാർഥിനികൾക്ക് സെർവിക്കൽ കാൻസർ വാക്സിനേഷൻ നൽകാൻ തീരുമാനം . ഹ്യൂമൺ പാപ്പിലോമ വൈറസ് വാക്സിനാണ് നൽകുന്നത്. ആരോഗ്യ,വിദ്യാഭ്യാസ,തദ്ദേശ വകുപ്പുകൾ സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്.

വാക്സിന്‍റെ മുഴുവൻ ചെലവും സർക്കാർ വഹിക്കും

അടുത്ത ഘട്ടത്തിൽ എല്ലാ സ്തീകൾക്കും വാക്സിൻ നൽകാനാണ് പദ്ധതി. സ്തനാര്‍ബുദം പോലെ സ്ത്രീകളിലും പെണ്‍കുട്ടികളിലും കൂടുതലായി കാണപ്പെടുന്നതാണ് ഗര്‍ഭാശയമുഖ ക്യാന്‍സര്‍. ഇത് പ്രതിരോധിക്കുന്നതിനുവേണ്ടിയാണ് ആരോഗ്യവകുപ്പ് കര്‍മപദ്ധതി രൂപീകരിച്ചത്.

വാക്സിനേഷനിലൂടെ സെര്‍വിക്കല്‍ ക്യാന്‍സറിനെ തടയുകാണ് ലക്ഷ്യം. വിദേശ രാജ്യങ്ങളില്‍ ഒമ്പത് വയസ് മുതല്‍ പെണ്‍കുട്ടികള്‍ക്ക് നല്‍കുന്ന ഹ്യൂമണ്‍ പാപ്പിലോമ വൈറസ് വാക്സിനാണ് നല്‍കുന്നത്. വാക്സിനേഷന്‍റെ പൈലറ്റ് ഘട്ടം ആലപ്പുഴ, വയനാട് ജില്ലകളിലായിരിക്കും.
അതിന് ശേഷം മറ്റു ജില്ലകളിലെ ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ഥിനികള്‍ക്ക് നല്‍കും.

ആരോഗ്യ വകുപ്പിനൊപ്പം വിദ്യാഭ്യാസ വകുപ്പും തദ്ദേശ വകുപ്പും സംയുക്തമായിട്ടായിരിക്കും വാക്സിനേഷന്‍.

ഒരാള്‍ക്ക് മൂന്ന് ഡോസ് വാക്സിനാണ് നല്‍കുക. വാക്സിനേഷനുമായി ബന്ധപ്പെട്ട മുഴുവന്‍ ചെലവും സംസ്ഥാന സര്‍ക്കാര്‍ വഹിക്കും. അടുത്ത സാമ്പത്തിക വര്‍ഷത്തോടെ ഇതിനായി തുക വകയിരുത്തും. സംസ്ഥാന ക്യാന്‍സര്‍ കെയര്‍ ബോര്‍ഡ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കും. സെറം ഇന്‍സ്റ്റിറ്റ്യൂട്ട് വാക്സിന്‍ സംസ്ഥാനത്ത് എത്തിക്കും.