കാളയെ ഇടിച്ച് വന്ദേ ഭാരത് ട്രെയിനിന് വീണ്ടും തകരാറ്

മുംബൈ: കാളയെ ഇടിച്ച് വന്ദേ ഭാരത് ട്രെയിന് തകരാറ്. മുംബൈ സെൻട്രലിൽ നിന്ന് ഗുജറാത്തിലെ ഗാന്ധിനഗറിലേക്ക് പോവുകയായിരുന്ന സെമി ഹൈസ്പീഡ് ട്രെയിൻ ഗുജറാത്തിലെ വൽസാദ് ജില്ലയിലെ അതുലിൽ വെച്ച് കാളയെ ഇടിക്കുകയായിരുന്നു. അപകടത്തെ തുടർന്ന് 15 മിനിറ്റോളം ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു. ശനിയാഴ്ച രാവിലെയാണ് സംഭവം. ഈ മാസം നടക്കുന്ന മൂന്നാമത്തെ സംഭവമാണിത്.

അതുൽ റെയിൽവേ സ്റ്റേഷന് സമീപം ട്രാക്കിൽ കയറിയ കാളയെയാണ് വന്ദേഭാരത് ട്രെയിൻ ഇടിച്ചത്. കൂട്ടിയിടിയുടെ ആഘാതത്തിൽ ട്രെയിനിന്‍റെ മുൻഭാഗം തകർന്നു. ഇത്തരം അപകടങ്ങളിൽ ട്രെയിനിന്‍റെ മറ്റ് ഭാഗങ്ങളിൽ ആഘാതം ഒഴിവാക്കുന്നതിനായി വന്ദേഭാരത് ട്രെയിൻ പ്രത്യേകം രൂപകൽപ്പന ചെയ്തിട്ടുണ്ട്. അതിനാൽ, ഇത് വളരെ വേഗത്തിൽ മാറ്റിവയ്ക്കാൻ കഴിയുമെന്ന് റെയിൽവേ അധികൃതർ വിശദീകരിച്ചു.

ഈ രീതിയിൽ റെയിൽവേ ട്രാക്കുകൾക്ക് സമീപം കന്നുകാലിക്കൂട്ടത്തെ മേയാൻ വിടാതിരിക്കാനായി സമീപ ഗ്രാമങ്ങളിലെ ആളുകൾക്ക് ബോധവൽക്കരണം നൽകുന്നുണ്ടെന്ന് വെസ്റ്റേൺ റെയിൽവേ പിആർഒ സുമിത് താക്കൂർ വിശദീകരിച്ചു. സമാനമായ അപകടങ്ങൾ പതിവായതോടെ ഗാന്ധിനഗർ-അഹമ്മദാബാദ് മേഖലയിലെ ട്രാക്കിന് സമീപം വേലി നിർമ്മാണം വേഗത്തിൽ പൂർത്തിയാക്കുമെന്ന് റെയിൽവേ അറിയിച്ചു.