എൻഎസ്എസ്സിനെ തള്ളിപ്പറഞ്ഞിട്ടില്ലെന്ന് വി.ഡി സതീശൻ

ഷാർജ: താൻ ഒരു സമുദായത്തെയും തള്ളിപ്പറഞ്ഞിട്ടില്ലെന്നും തിരഞ്ഞെടുപ്പിൽ എല്ലാ സമുദായങ്ങളിൽ നിന്നും വോട്ട് ചോദിച്ചിട്ടുണ്ടെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു. എൻഎസ്എസ് പ്രസിഡന്‍റ് സുകുമാരൻ നായരുടെ പ്രസ്താവനയോടായിരുന്നു സതീശന്‍റെ പ്രതികരണം.

പ്രതിപക്ഷ നേതാവായി തിരഞ്ഞെടുക്കപ്പെട്ടപ്പോഴും എൻഎസ്എസ് ഇതേ ആരോപണം ഉന്നയിച്ചിരുന്നു. എൻ.എസ്.എസിനെ ഒരിക്കലും തള്ളിപ്പറഞ്ഞിട്ടില്ല. മതേതരത്വം എന്നത് മതനിരാസമല്ല, എല്ലാവരേയും ഒരുമിച്ച് നിർത്തുക എന്നതാണ്. തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ വർഗീയവാദികളുടെ വോട്ട് വേണ്ടെന്ന് താൻ പറഞ്ഞിരുന്നു. അല്ലാതെ ആരുടെയെങ്കിലും വോട്ട് വേണ്ടെന്ന് താൻ പറഞ്ഞിട്ടില്ലെന്ന് സതീശൻ പറഞ്ഞു.

“സമുദായങ്ങളുടെ കാര്യം വരുമ്പോൾ നിലപാട് വ്യക്തമാണ്. സമുദായ നേതാക്കളോട് ഇരിക്കാൻ ആവശ്യപ്പെട്ടാൽ, ഇരുന്നാൽ മതി, കിടക്കേണ്ടതില്ല. തിരഞ്ഞെടുപ്പ് സമയത്ത് എല്ലാവരുടെയും വോട്ട് ചോദിക്കുന്നതിൽ എന്താണ് തെറ്റ്? അതാണ് എല്ലാവരും ചെയ്യുന്നത്. അവരോട് അനുവാദം ചോദിച്ചാണ് ഞങ്ങൾ ഒരു സ്ഥലത്തേക്ക് പോകുന്നത്. വാതിൽ തകർത്ത് എങ്ങോട്ടും പോകാറില്ല,” സതീശൻ പറഞ്ഞു.