പഞ്ചായത്ത് പ്രസിഡന്റാകാൻ ദളിത് സ്ത്രീയെ പിന്തുണച്ചവര്‍ക്ക് ഭ്രഷ്ട് കല്‍പ്പിച്ച് ഗ്രാമം

ചെന്നൈ: ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്‍റാകാൻ പട്ടികജാതി വനിതയെ പിന്തുണച്ചതിന്‍റെ പേരിൽ ഗ്രാമത്തിൽ ഭ്രഷ്ട് നേരിടുകയാണെന്ന് പരാതി. തിരുപ്പത്തൂർ ജില്ലയിലെ ആമ്പൂരിനടുത്തുള്ള നായ്ക്കനേരി ഗ്രാമത്തിലെ 21 കുടുംബങ്ങളാണ് പരാതിയുമായി പൊലീസിനെ സമീപിച്ചത്. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ നടന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ പട്ടികജാതി വിഭാഗത്തിൽപ്പെട്ട ഇന്ദുമതി പാണ്ഡ്യനെ പിന്തുണച്ചതിനാണ് തങ്ങൾക്ക് ഭ്രഷ്ടെന്നാണ് പരാതിയിൽ പറയുന്നത്.

തമിഴ്നാട്ടിൽ ഗ്രാമപ്പഞ്ചായത്ത് തിരഞ്ഞെടുപ്പ് നടക്കുന്നത് രാഷ്ട്രീയ പാർട്ടിയുടെ അടിസ്ഥാനത്തിലല്ല. വാർഡ് മെമ്പർമാരെ പോലെ പ്രസിഡന്‍റ് സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പും നേരിട്ട് നടക്കുന്നു. മലയോര ഗ്രാമമായ നായിക്കനേരിയിലെ ഭൂരിഭാഗം പേരും പട്ടികജാതിക്കാർക്ക് പ്രസിഡന്‍റ് സ്ഥാനം നൽകുന്നത് അംഗീകരിച്ചില്ല. പ്രസിഡന്‍റ് സ്ഥാനത്ത് പട്ടികജാതി സംവരണം ഏർപ്പെടുത്തിയതിനെതിരെ മദ്രാസ് ഹൈക്കോടതിയെയും സമീപിച്ചിരുന്നു.

കഴിഞ്ഞ വർഷം തിരഞ്ഞെടുപ്പ് നടന്നപ്പോൾ പ്രസിഡന്‍റ് സ്ഥാനം പട്ടികജാതിക്കാർക്കായി സംവരണം ചെയ്തത് ഒഴിവാക്കാതെ ആരും നാമനിർദേശ പത്രിക സമർപ്പിക്കരുതെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതിനെതിരെയാണ് ഇന്ദുമതി പാണ്ഡ്യൻ നാമനിർദേശ പത്രിക സമർപ്പിച്ചത്. മറ്റാരും നാമനിർദ്ദേശ പത്രിക സമർപ്പിച്ചിരുന്നില്ല. 21 കുടുംബങ്ങളാണ് ഇവരെ സഹായിച്ചത്. ഇന്ദുമതി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. ഇതോടെ ഇന്ദുമതിയെ പിന്തുണച്ച കുടുംബങ്ങൾക്കെതിരെ ശിവകുമാർ എന്നയാളുടെ നേതൃത്വത്തിലുള്ള സംഘം രംഗത്തെത്തി. ഗ്രാമത്തിലെ ഭൂരിഭാഗം ആളുകളെയും ജോലി ചെയ്യുന്നതിൽ നിന്ന് വിലക്കിയതായി പരാതിയിൽ പറയുന്നു. ക്ഷീരകർഷകരായ തങ്ങളിൽ നിന്ന് ഗ്രാമവാസികൾ പാൽ വാങ്ങുന്നില്ലെന്നും കാർഷിക ജോലികൾ ഉൾപ്പെടെയുള്ള ജോലികൾ നൽകാൻ അവർ തയ്യാറല്ലെന്നും അവർ പറയുന്നു. ഒരു വലിയ ബക്കറ്റ് പാലുമായി എത്തിയാണ് ഇവർ കഴിഞ്ഞ ദിവസം പൊലീസിൽ പരാതി നൽകിയിയത്.