അട്ടപ്പാടിയുടെ അഭിമാനമാകാൻ വിനോദിനി; നിയമപഠനത്തിനായി തിരുവനന്തപുരത്തേക്ക്

ആദിവാസി ഊരിന്റെ അഭിമാനമാവാൻ വിനോദിനി വക്കീൽ കുപ്പായമണിയും. അട്ടപ്പാടി ഗോത്ര വിഭാഗത്തിൽ നിന്നുള്ള വിദ്യാർത്ഥിനിയാണ് സംസ്ഥാനത്തെ വിവിധ നിയമകലാശാലകളിലേക്കുള്ള പ്രവേശന പരീക്ഷയിൽ ഉന്നത വിജയം നേടി തിരുവനന്തപുരം ഗവ.ലോ കോളേജിൽ പ്രവേശനം നേടിയിരിക്കുന്നത്.

എഡ്യൂക്കേറ്റ് ടു എംപവർ എന്ന പദ്ധതിയുടെ ഭാഗമായി, പട്ടിക വർഗ്ഗ വകുപ്പും, തിരുവല്ല നിയമപഠന വിഭാഗം അധ്യാപകരും, വിദ്യാർത്ഥികളും ചേർന്ന് അട്ടപ്പാടിയിൽ നടത്തിയ പരിശീലനത്തിൽ വിനോദിനി പങ്കെടുത്തിരുന്നു. എൽ.എൽ.ബിക്ക് ചേരുന്നതിനുള്ള കോമൺ ലോ അഡ്മിഷൻ ടെസ്റ്റും എഴുതിയ വിനോദിനി അഖിലേന്ത്യാ തലത്തിൽ 500ൽ താഴെ റാങ്കും നേടി.

സർവ്വകലാശാല വൈസ് ചാൻസലറുടെ നിർദേശപ്രകാരം സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസ് മേധാവി ഡോ. ജയശങ്കർ കെ.എ, നിയമപഠന വിഭാഗം മേധാവി ഡോ. ഗിരീഷ് കുമാർ, അഭിഭാഷകരും, നിയമ ഗവേഷകരുമായ വിശ്രുത് രവീന്ദ്രൻ, അമൃതു റഹീം, ശ്രീദേവി, നിയമപഠന വിദ്യാർത്ഥികൾ എന്നിവർ അട്ടപ്പാടിയിൽ താമസിച്ചാണ് ക്ലാസ്സ് എടുത്തത്. പാലക്കാട്‌ ജില്ലയിലെ വിവിധ മോഡൽ റസിഡൻഷ്യൽ സ്കൂളുകളിൽ നിന്നും തിരഞ്ഞെടുത്ത 26 വിദ്യാർത്ഥികളും പരിശീലനം നേടി പരീക്ഷ എഴുതി.