അന്തരിച്ച നടൻ ഹരി വൈരവന്റെ മകളുടെ വിദ്യാഭ്യാസച്ചെലവ് ഏറ്റെടുത്ത് വിഷ്ണു വിശാൽ
2009-ൽ പുറത്തിറങ്ങിയ വെണ്ണില കബഡി കൂഴു എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ പ്രശസ്തനായ നടൻ ഹരി വൈരവൻ രണ്ട് ദിവസം മുമ്പാണ് അന്തരിച്ചത്.ദീർഘനാളായി ചികിത്സയിലായിരുന്നു അദ്ദേഹം. വൈരവന്‍റെ വിയോഗത്തെ തുടർന്ന് പ്രതിസന്ധിയിലായ കുടുംബത്തിന് സഹായഹസ്തവുമായി എത്തിയിരിക്കുകയാണ് നടൻ വിഷ്ണു വിശാൽ.
വൈരവന്‍റെ കുടുംബത്തിന് ആവശ്യമായ സഹായം നൽകുമെന്നറിയിച്ച താരം അദ്ദേഹത്തിന്റെ രണ്ടുവയസ്സുള്ള മകളുടെ ഭാവിയിലെ മുഴുവൻ വിദ്യാഭ്യാസച്ചെലവും ഏറ്റെടുക്കുമെന്നും പറഞ്ഞു.തന്‍റെ വരാനിരിക്കുന്ന ചിത്രമായ ഗാട്ടാ ഗുസ്തിയുടെ പ്രചാരണത്തിന്റെ ഭാഗമായി മാധ്യമങ്ങളെ കാണുന്നതിനടയിലാണ് വിഷ്ണു വിശാൽ ഇക്കാര്യം അറിയിച്ചത്.
വൈരവനുമായി വളരെ നല്ല സുഹൃദ്ബന്ധമുണ്ടായിരുന്നെന്നും, കഴിഞ്ഞ ആറ് മാസത്തോളമായി നിരന്തരമായി അദ്ദേഹത്തെ കാണുകയും വേണ്ട സഹായങ്ങൾ നൽകിയിരുന്നതായും നടൻ പറഞ്ഞു.വൈരവൻ അവസാനമായി അയച്ച സന്ദേശം ഇപ്പോഴും ഫോണിലുണ്ടെന്നും, കഴിഞ്ഞ ദിവസം വീണ്ടും അത് കേട്ടിരുന്നതായും വിഷ്ണു കൂട്ടിച്ചേർത്തു. വെണ്ണിലാ കബഡി കൂഴു തന്നെയാണ് വിഷ്ണു വിശാലിന്റെ അരങ്ങേറ്റ ചിത്രം.