വേതന വർധനവ്; നാളെ സ്വകാര്യ ആശുപത്രിയിലെ നഴ്സുമാരുടെ സൂചനാ പണിമുടക്ക്
തൃശ്ശൂർ: വേതന വർദ്ധനവ് ആവശ്യപ്പെട്ട് സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ നഴ്സിംഗ് ജീവനക്കാർ വീണ്ടും സമരത്തിലേക്ക്. ദിവസവേതനം 1,500 രൂപയാക്കണമെന്ന് ആവശ്യമുന്നയിച്ച് തൃശൂർ ജില്ലയിലെ സ്വകാര്യ നഴ്സിംഗ് ജീവനക്കാർ നാളെ സൂചനാ പണിമുടക്ക് നടത്തും. ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ സംസ്ഥാന വ്യാപകമായി പണിമുടക്ക് നടത്താനും നഴ്സിംഗ് ജീവനക്കാരുടെ സംഘടനയായ യുഎൻഎയുടെ തീരുമാനം.
കൊച്ചി ലേബർ കമ്മീഷണറുടെ ഓഫീസിലും തൃശൂർ ലേബർ കമ്മീഷണറുടെ ഓഫീസിലും രണ്ട് തവണയാണ് വേതന വർദ്ധനവ് സംബന്ധിച്ച് ചർച്ച നടന്നത്. എന്നാൽ കൊച്ചിയിൽ നടന്ന ചർച്ചകൾ തകരുകയും തൃശൂരിലെ ആശുപത്രി മാനേജ്മെന്‍റ് പ്രതിനിധികൾ എത്താതിരിക്കുകയും ചെയ്തതോടെയാണ് യുഎൻഎ പ്രത്യക്ഷ സമരത്തിന് തയാറാവുന്നത്.
സംസ്ഥാന തൊഴിൽ വകുപ്പിന്‍റെ ചട്ടങ്ങൾ വെല്ലുവിളിച്ചാണ് സ്വകാര്യ ആശുപത്രികൾ പ്രവർത്തിക്കുന്നതെന്നും വേതന വർദ്ധനവിന്‍റെ 50 ശതമാനം അനുവദിക്കുന്ന ആശുപത്രികളെ പണിമുടക്കിൽ നിന്ന് ഒഴിവാക്കുന്ന കാര്യം പരിഗണിക്കുമെന്നും യുഎൻഎ അറിയിച്ചു.