നിപ:വയനാട്ടിലും നിയന്ത്രണം.

കോഴിക്കോട് ജില്ലയില്‍ നിപ സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ വയനാട്ടിലും നിയന്ത്രണം. വയനാട് മാനന്തവാടി പഴശി പാര്‍ക്കിലേക്ക് പ്രവേശനം വിലക്കി. കണ്ടെയിന്‍മെന്റ് സോണുകളില്‍ നിന്നുള്ളവര്‍ വയനാട്ടില്‍ എത്തുന്നത് തടയാന്‍ നിര്‍ദേശമുണ്ട്.

തൊണ്ടര്‍നാട്, വെള്ളമുണ്ട പഞ്ചായത്തുകളില്‍ അധികൃതര്‍ പ്രത്യേക ജാഗ്രതാ നിര്‍ദേശം നല്‍കി. വയനാട്ടില്‍ കണ്‍ട്രോള്‍ റൂം തുറന്നു- 04935 240390 എന്നീ നമ്പരില്‍ ബന്ധപ്പെടാം. ജില്ലയില്‍ പൊതുജനങ്ങള്‍ കൂടുതല്‍ ഒത്ത് ചേരുന്ന സ്ഥലങ്ങളിലും, ടൂറിസ്റ്റ് കേന്ദ്രങ്ങളിലും മാസ്‌ക് ധരിക്കുന്നത് സംബന്ധിച്ച് പൊതുജനങ്ങള്‍ക്ക് ബോധവല്‍ക്കരണം നല്‍കും.

വവ്വാലുകള്‍ കൂടുതലായി കാണപ്പെടുന്ന മാനന്തവാടി പഴശ്ശി പാര്‍ക്കിലേയ്ക്കുള്ള പൊതുജനങ്ങളുടെ പ്രവേശനം ഇനിയൊരുത്തരവ് ഉണ്ടാകുന്നത് വരെ താല്‍ക്കാലികമായി നിര്‍ത്തി വച്ചു. കോഴിക്കോട് ജില്ലയിലെ കണ്ടെയിന്‍മെന്റ് സോണുകളില്‍ നിന്നും ജോലിയ്ക്കായും, വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായും ജില്ലയിലേയ്ക്ക് വരുന്നവര്‍ നിലവില്‍ താമസിക്കുന്ന സ്ഥലത്ത് തന്നെ തുടരേണ്ടതാണ്. ഇത്തരം സാഹചര്യങ്ങളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ ക്ലാസ്സുകള്‍ നടത്തുന്നതിനുള്ള ക്രമീകരണം ബന്ധപ്പെട്ട സ്ഥാപനമേധാവികള്‍ സ്വീകരിക്കേണ്ടതാണ്.